ന്യൂദെൽഹി:പ്രതിവർഷം രണ്ടര ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ മഹാരാഷ്‌ട്രയിലെ ലഡ്കി ബഹിൻ പദ്ധതിയിൽ നിന്ന് സ്വയം ഒഴിവാകണമെന്ന് മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി അജിത് പവർ ആവശ്യപ്പെട്ടു. സമൂഹത്തിലെ പാവപ്പെട്ടവരായ വനിതകൾക്കാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും നിർഭാഗ്യവശാൽ ആദായനികുതി ഫയൽ ചെയ്യുന്ന സ്ത്രീകൾ പോലും അതിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയാണെന്നും അജിത് പവാർ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹായം ആവശ്യമുള്ള സ്ത്രീകളിലേക്ക് പദ്ധതിയെത്താൻ വേണ്ടി അവരോട് സ്വമേധയാ ഈ ആനുകൂല്യം പറ്റുന്നതിൽ നിന്നും പിന്മാറാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. പ്രതിമാസം 1500 രൂപ അർഹരായ സ്ത്രീകൾക്ക് അലവൻസ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഡ്കി ബഹിൻ യോജനക്കായി സംസ്ഥാന സർക്കാർ ഡബ്ല്യുസിഡി വകുപ്പിന് 3700 കോടി രൂപ അനുവദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മതേതരത്വത്തിനും പുരോഗമനപരമായ രാഷ്‌ട്രീയത്തിനും വേണ്ടിയുള്ള തന്റെ പാർട്ടിയായ എൻസിപിയുടെ പ്രതിബദ്ധത അജിത്ത് പവാർ ആവർത്തിച്ചു വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങൾക്കും അഴിമതിക്കുമെതിരെ പാർട്ടി ശക്തമായ നിലപാടെടുക്കും. മഹാരാഷ്‌ട്ര എപ്പോഴും പുരോഗമന ചിന്തയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും വിളക്കായിരുന്നു. എൻസിപി സാമൂഹിക ഐക്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടി ഉറച്ചുനിൽക്കുന്നു. വിദ്വേഷം പടർത്താനോ വിഭജന രാഷ്‌ട്രീയത്തിൽ ഏർപ്പെടാനോ ഞങ്ങൾ ആരെയും അനുവദിക്കില്ല. മഹാരാഷ്‌ട്ര ജൽനയിൽ എൻസിപിയുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അജിത്ത് പവാർ പറഞ്ഞു. പാർട്ടിയിൽപുതിയ അംഗങ്ങളെ ചേർക്കുമ്പോൾ സുതാര്യത ഉറപ്പാക്കാനും കളങ്കിത പ്രതിച്ഛായയുള്ള വ്യക്തികളെ ഒഴിവാക്കാനും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് എതിരായ പ്രചരണത്തിന്റെ പേരിൽ അദ്ദേഹം പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചു. കർണാടകയിലും ബംഗാളിലും തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ അവർ ഇവിഎമ്മിനെ പുകഴ്‌ത്തുകയാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ തോൽക്കുമ്പോൾ അവർ ഇവിമ്മിനെ കുറ്റപ്പെടുത്തുന്നു. അജിത് പവാർ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക