തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി ബിനിൽ ബാബു ഉക്രൈൻ ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ജനുവരി അഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം സുഹൃത്ത് ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നു. ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്.
കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ നാലിനാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക