ലക്നൗ : മഹാകുംഭമേള യുപിയ്ക്ക് പണപ്പെട്ടിയാകുമെന്ന് റിപ്പോർട്ട് . മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പല ബിസിനസ് മേഖലകളും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇവയിൽ ഏറ്റവും വലിയ കുതിപ്പ് ഹോട്ടൽ വ്യവസായത്തിലാണ്.
മഹാ കുംഭമേള കാരണം പ്രയാഗ്രാജിലെ ഹോട്ടലുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . മുറികൾ കിട്ടാനില്ലാത്ത അവസ്ഥ . . ഹോട്ടലുകൾക്കൊപ്പം, ഭക്ഷ്യവസ്തുക്കൾ, പ്രാദേശിക ഉൽപ്പന്നങ്ങൾ, പുതപ്പുകൾ, കമ്പിളി വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയിലും വർധനവുണ്ട് . പ്രയാഗ്രാജിൽ വിമാന ടിക്കറ്റ് ബുക്കിംഗുകളിൽ 162 ശതമാനം വർധനവുണ്ടായി.
വിമാന സർവീസുകൾക്ക് പുറമെ, റെയിൽവേ, ബസുകൾ, ടാക്സികൾ എന്നിവയുടെ വരുമാനത്തിലും വൻ വർധനവുണ്ടായിട്ടുണ്ട്. ചെറുകിട ബിസിനസ്സ് നടത്തുന്ന ആളുകൾ മുതൽ ഹോട്ടൽ-റെസ്റ്റോറന്റുകൾ, ഓൺലൈൻ ബുക്കിംഗ് നടത്തുന്ന കമ്പനികൾ വരെ വൻ നേട്ടമാണ് കൊയ്യുന്നത് . 45 ദിവസത്തിനുള്ളിൽ വലിയ ലാഭമാണ് ഇവർ ലക്ഷ്യമിടുന്നത്.
ഹോട്ടൽ വ്യവസായം 30 മുതൽ 40 ശതമാനം വരെ ലാഭം നേടുന്നുണ്ടെന്ന് പ്രയാഗ്രാജ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഹർജീന്ദർ സിംഗ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇത് 50 ശതമാനമായി ഉയരുമെന്ന് അദ്ദേഹം പറയുന്നു.
മഹാ കുംഭമേളയിൽ ഹോട്ടലുകളുടെയും ടെന്റ് സിറ്റിയുടെയും ബിസിനസ്സ് മാത്രം 2,500 മുതൽ 3,000 കോടി രൂപ വരെയാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര ഗോയൽ പറയുന്നു. എഫ്എംസിജി ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈലുകൾ, സിസിടിവി ക്യാമറകൾ, കേബിളുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിൽപ്പനയിൽ വലിയ വർധനവുണ്ടായിട്ടുണ്ട് .
കരകൗശല തൊഴിലാളികൾക്ക് 35 കോടി രൂപയൂടെ ബിസിനസ്സ് കുതിപ്പാണുണ്ടാവുക.കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കണക്കനുസരിച്ച്, ഹോട്ടലുകൾ, ധർമ്മശാലകൾ, ടെന്റുകൾ എന്നിവയിൽ നിന്ന് മാത്രം 40,000 കോടി രൂപയുടെ ബിസിനസ്സ് നടക്കാൻ സാധ്യതയുണ്ട്. പാക്കേജുചെയ്ത ഭക്ഷ്യവസ്തുക്കൾ, വെള്ളം, ബിസ്കറ്റുകൾ, ജ്യൂസ്, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് 20,000 കോടി രൂപയുടെ ബിസിനസ്സ് ഉണ്ടാകും. എണ്ണ, വിളക്കുകൾ, ഗംഗാജലം, വിഗ്രഹങ്ങൾ, ധൂപവർഗ്ഗങ്ങൾ, മതഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയിലൂടെ 20,000 കോടി രൂപയുടെ ബിസിനസ്സ് നടക്കും.
പരസ്യ, പ്രമോഷണൽ പ്രവർത്തനങ്ങളിൽ നിന്ന് 10,000 കോടി രൂപയുടെ ബിസിനസ്സ് കണക്കാക്കപ്പെടുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സുവനീറുകൾ എന്നിവയിലൂടെ 5,000 കോടി രൂപയുടെ വ്യാപാരം സൃഷ്ടിക്കാൻ കഴിയും.ഇത്തരത്തിൽ ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന 45 ദിവസം നീണ്ടുനിൽക്കുന്ന ഈ മഹാ കുംഭമേള 4 ലക്ഷം കോടി രൂപയിലധികം രൂപയുടെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . കുംഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും ഏകദേശം 6,900 കോടി രൂപയാണ് ചെലവഴിച്ചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: