Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

Published by

അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍ നിര്‍വഹിച്ചു. ഗോഞ്ചിയൂര്‍ ഊരുമൂപ്പന്‍ പൊന്നുസ്വാമി പഴനി മൂപ്പന്‍ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ഇരുള വിഭാഗത്തില്‍പ്പെട്ട 98 കുടുംബങ്ങളാണ് ഗോഞ്ചിയൂരിലുള്ളത്. മഴക്കുറവും കടുത്ത ജലക്ഷാമവും മൂലം വര്‍ഷങ്ങള്‍ക്ക് മുന്നേ ഇവിടെ തനത് കൃഷികള്‍ നിലച്ചിരുന്നു. വനമൃഗശല്യവും രൂക്ഷമാണ്. നബാര്‍ഡിന്റെ ധനസഹായത്തോടെ ആരംഭിച്ച ഔഷധസസ്യകൃഷിക്കായാണ് ഏഴ് ലക്ഷം രൂപ ചെലവില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ ജലസേചന പദ്ധതി നടപ്പിലാക്കിയത്.

ഊരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള അരുവിയില്‍ നിന്ന് പൈപ്പ് വഴി 25,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കും. ഇവിടെ നിന്ന് ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തിക്കുന്ന രീതിയിലാണ് പദ്ധതി. വിശ്വസേവാഭാരതി സംസ്ഥാന ജോ. സെക്രട്ടറി ടി.ആര്‍. രാജന്‍, ട്രഷറര്‍ രാജന്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ വൈസ് പ്രസിഡന്റ് വി.വി. പരശുരാം, എ. കൃഷ്ണന്‍കുട്ടി, സായുരാജ് എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക