Kerala

അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധം; സുന്നി വിശ്വാസികൾ ജാഗ്രത പാലിക്കണം, മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

Published by

കോഴിക്കോട്: അന്യപുരുഷന്മാരുമായി ഇടകലർന്നുള്ള വ്യായാമം മതവിരുദ്ധമെന്ന് സുന്നി കാന്തപുരം വിഭാഗം മുശാവറ. മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമങ്ങളിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് മുശാവറ യോഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകൾ ഇടകലർന്ന് അഭ്യാസം നടത്തുന്നത് അനുവദനീയമല്ല. മതവിശ്വാസത്തിന് ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും അനുവദിക്കാൻ ആകില്ല. സുന്നി വിശ്വാസികൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി. ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. മത നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ വ്യായാമം വിരോധിക്കപ്പെട്ടതല്ല.

അതേസമയം ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിനും ശാരീരിക ഉണര്‍വ്വിനും വ്യായാമം നല്ലതെന്നും സമസ്ത എപിവിഭാഗം പറയുന്നു.കാന്തപുരം വിഭാഗം സമസ്ത മുശാവറ യോഗത്തിൽ ആണ് പ്രതികരണം. മലബാറിൽ പ്രവർത്തിക്കുന്ന മെക് 7 വ്യായാമ കൂട്ടായ്മയ്‌ക്കെതിരെ നേരത്തെ സമസ്ത എ പി വിഭാഗം രംഗത്തെത്തിയിരുന്നു. ഈ വ്യായാമ കൂട്ടായ്മയ്‌ക്ക് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ അതിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത എ പി വിഭാഗം നേതാവ് മുമ്പ് പറഞ്ഞിരുന്നു.

മെക് 7ന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ടില്‍ പെട്ടവരാണ് മെക് 7ന് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചിരുന്നു. എന്നാല്‍ വിവാദത്തില്‍ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. പിന്നീട് മോഹനന്‍ നിലപാട് മയപ്പെടുത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക