Sports

ആഴ്‌സണല്‍ ടോട്ടനത്തെ മെരുക്കി

Published by

ലണ്ടന്‍: പ്രീമിയര്‍ ലീഗ് സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ടോട്ടനം ഹോട്ട്‌സ്പറിനെ മെരുക്കി ആഴ്‌സണല്‍ വിജയം കൊയ്തു. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ടാണ് ആഴ്‌സണല്‍ തുടരെ രണ്ട് പരാജയങ്ങള്‍ നേരിട്ട ശേഷം ഇന്നലെ വിജയിച്ചത്.

പുതുവര്‍ഷദിനത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 3-1ന് വിജയിച്ച ശേഷം ആഴ്‌സണലിന് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. ബ്രൈറ്റണോട് സമനില വഴങ്ങി(1-1). കരബാവോ കപ്പ് സെമിയില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് 2-0ന് തോറ്റ് പുറത്തായി. പിന്നാലെ എഫ് എ കപ്പ് മുന്നാം റൗണ്ടിലും തോറ്റ് പുറത്തായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ട്ടേറ്റയുടെ പട കീഴടങ്ങിയത്. ഈ പ്രതികൂല സാഹചര്യത്തില്‍ ആഴ്‌സണല്‍ ഇന്നലെ കൈവരിച്ച വിജയത്തിന് തിളക്കമേറെ.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഫലം നിര്‍ണയിക്കപ്പെട്ടു. 25-ാം മിനിറ്റില്‍ നായകന്‍ സോന്‍ നോടിയ ഗോളില്‍ മുന്നിലെത്തിയ ടോട്ടനത്തിനെതിരെ 40, 44 മിനിറ്റുകളില്‍ ആഴ്‌സണല്‍ തിരിച്ചടിച്ചു. ദാനഗോലിലൂടെ സമനില പിടിച്ച ആതിഥേയര്‍ 44-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് നേടിയ ഗോളില്‍ വിജയം കുറിച്ചു. രണ്ടാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.

ജയത്തിലൂടെ വീണ്ടും ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ആഴ്‌സണലും മുന്നിലുള്ള ലിവറിമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു. ലിവറിന് 47ഉം ആഴ്‌സണലിന് 43ഉം പോയിന്റാണുള്ളത്. ഇന്നലെ നടന്ന മറ്റ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടണെയും ന്യൂകാസില്‍ യുണൈറ്റഡ് വുള്‍വ്‌സിനെയും ക്രിസ്റ്റല്‍ പാലസ് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by