India

ഗർഭിണികൾക്ക് 21,000, വനിതകൾക്ക് പ്രതിമാസം 2,500 സങ്കല്പ് പത്രിക പുറത്തിറക്കി ബിജെപി

ചേരികളിൽ അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകാൻ അടൽ കാൻ്റീനുകൾ

Published by

ന്യൂദൽഹി:സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും ഗർഭിണികൾക്ക് 21,000 രൂപയും വാഗ്ദാനം ചെയ്ത് ബിജെപി പ്രകടനപത്രിക. ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രിക കേന്ദ്രമന്ത്രിയും പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ ജഗദ് പ്രകാശ് നദ്ദ പുറത്തിറക്കി.

മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ കീഴിൽ ദൽഹിയിലെ ഓരോ വനിതയ്‌ക്കും പ്രതിമാസം 2500 രൂപ നൽകുന്ന പദ്ധതിയാണ് പ്രകടനപത്രിയിൽ പ്രഖ്യാപിച്ചത്. ദൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ പദ്ധതികൾക്ക് അംഗീകാരം നൽകും. ഇതുകൂടാതെ എൽപിജി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഒരു സിലിണ്ടറിന് 500 രൂപ സബ്സിഡി നൽകും.

ഹോളി, ദീപാവലി ദിനങ്ങളിൽ ഓരോ സിലിണ്ടർ വീതം സൗജന്യമായി നൽകും. ഗർഭിണികൾക്ക് 21,000 രൂപയാണ് പ്രകടനപത്രികയിൽ ബിജെപി അധ്യക്ഷൻ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കീഴിൽ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും പ്രകടനപത്രിക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാകും.

നഗരത്തിലെ എല്ലാ ചേരി ക്ലസ്റ്ററുകളിലും അഞ്ചുരൂപയ്‌ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി അടൽ കാൻ്റീനുകൾ സ്ഥാപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. 60 നും 70 നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് 2500 രൂപയും 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 3000 രൂപയും പെൻഷൻ നൽകുന്ന പദ്ധതിയും ബിജെപി പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേമം, നല്ല ഭരണം, വികസനം, സ്ത്രീശാക്തീകരണം, കർഷകരുടെ പുരോഗതി എന്നിവയ്‌ക്ക് ബിജെപി ഭരണം പ്രാധാന്യം നൽകുമെന്നും ജെപി നദ്ദ പറഞ്ഞു. ഞങ്ങളുടെ പ്രകടനപത്രിക വികസിത ദെൽഹിയുടെ അടിത്തറയാണെന്നും നിലവിൽ ദെൽഹി സംസ്ഥാനത്തുള്ള എല്ലാ ക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലെ എല്ലാ അഴിമതി ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൽഹിയിലെ ജനങ്ങൾക്ക് ദുരന്തമായി മാറിയ ആം ആദ്മി ഭരണം ഇത്തവണ ബിജെപി അവസാനിപ്പിക്കുമെന്നും ജെപി നദ്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by