Kerala

പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരി; കൊലപാതകമടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു, ശിക്ഷാവിധി നാളെ

മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരെയും തെളിവു നശിപ്പിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്

Published by

ന്യൂദല്‍ഹി: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധി. കൊലപാതകമടക്കമുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി നെയ്യാറ്റിൻകര സെഷൻസ് കോടതി ഉത്തരവിട്ടു. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരെയും തെളിവു നശിപ്പിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

അതേസമയം രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതേ വിട്ടു. തെളിവു നശിപ്പിക്കൽ കേസാണ് ഗ്രീഷ്മയുടെ അമ്മയുടെ മേൽ ചുമത്തിയിരുന്നത്.  ഗ്രീഷ്മയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ തൃപ്തിയുണ്ടെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ പ്രതികരണം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

2022 ഒക്ടോബര്‍ 14ന് കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തമിഴ്‌നാട് പളുകലിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരിച്ചു. ഷാരോണിന്റെ മരണം വിവാദമായതോടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇതേ കേസിൽ ഇവരെയും പോലീസ് പ്രതി ചേ‍ർത്തു.

കാര്‍പിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ ചെന്നതെന്ന ഫൊറന്‍സിക് ഡോക്ടറുടെ മൊഴി നിര്‍ണായകമായി. പാറശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയ കേസ് പിന്നീട് പ്രത്യേക സംഘം കൊലപാതകമെന്ന് തെളിയിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by