Kerala

കോടതി ഫീസ് വര്‍ദ്ധിപ്പിക്കാന്‍ പരിഷ്‌കരണ സമിതി ശുപാര്‍ശ, റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു

Published by

തിരുവനന്തപുരം: കോടതി ഫീസ് വര്‍ദ്ധിപ്പിക്കാനും നിയമത്തിന്റെ പരിധിയില്‍ വരാത്തതും പുതുതായിവന്ന നിയമങ്ങളിലെ വ്യവഹാരങ്ങള്‍ക്കുംകോടതി ഫീസ് ചുമത്താനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി സര്‍ക്കാര്‍ നിയോഗിച്ച കോടതി ഫീസ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ്. വി. കെ മോഹനന്‍ അറിയിച്ചു.
നിയമ വകുപ്പ് മന്ത്രി പി രാജീവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്‌ദേഹം. കേരളത്തിലെ കോടതി ഫീസും വ്യവഹാരസലയും നിയമത്തില്‍ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ചും കോടതി ഫീസും മറ്റും പുതുക്കി നിശ്ചയിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനാണ് കമ്മീഷനെ നിയോഗിച്ചിരുന്നത്.
സുപ്രീം കോടതിയുടേയും മറ്റും വിധിന്യായങ്ങളും ലോ കമ്മീഷന്റെ 189-ാമത് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭൂമിയേറ്റെടുക്കല്‍ കേസുകളുമായി ബന്ധപ്പെട്ട്, ലാന്റ് അക്വസിഷന്‍ ഓഫീസര്‍ അനുവദിക്കുന്ന തുകകള്‍ അധികമായി അനുവദിക്കുന്ന നഷ്ടപരിഹാര തുകയിലും പെട്രോളിയം നിയമം, ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, ഇന്ത്യന്‍ ഇലക്ട്രിസിറ്റി നിയമം എന്നിവയുമായി ബന്ധപ്പെട്ട് അനുവദിക്കുന്ന അധികമായി വരുന്ന നഷ്ടപരിഹാര തുകയിന്മേലും നിശ്ചിത കോടതി ഫീസ് ഈടാക്കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആര്‍ബിട്രേഷന്‍ കേസുകളുമായി ബന്ധപ്പെട്ട് വരുന്ന പലതരം ഹര്‍ജികളില്‍ തുകയുടെ അടിസ്ഥാനത്തില്‍ നിശ്ചിത നിരക്കില്‍ കോടതി ഫീസ് ഈടാക്കണം. കൂടാതെ മുന്‍കൂര്‍ ജാമ്യ അപേക്ഷകളിന്മേലും കോടതി ഫീസ് ഈടാക്കാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക