ന്യൂയോര്‍ക്ക് :ഒരു പിടി സാമ്പത്തിക കുറ്റാരോപണങ്ങള്‍ നിരത്തി അദാനിയെ ഇല്ലാതാക്കാന്‍ നോക്കിയ യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത് ഉടമ നഥാന്‍ ആന്‍ഡേഴ്സണ്‍ തന്നെയാണ്. നെയ്റ്റ് ആന്‍ഡേഴ്സണ്‍ എന്നും ഇദ്ദേഹത്തിന് പേരുണ്ട്. താന്‍ വിഭാവനം ചെയ്തിരുന്ന അന്വേഷണങ്ങളെല്ലാം അവസാനിച്ചതിനാലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്നാണ് നെയ്റ്റ് ആന്‍ഡേഴ്സണ്‍ നല്‍കുന്ന വിശദീകരണം.
ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി അദാനി ഗ്രൂപ്പ് എന്ന ഇന്ത്യയുടെ അഭിമാനമായി മാറിയ ബിസിനസ് ഗ്രൂപ്പിനെ ഇല്ലായ്മ ചെയ്യുക എന്ന ഗൂഢാലോനയുടെ ഭാഗമായാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. അദാനി അവരുടെ കമ്പനികളുടെ ഓഹരിവില കൃത്രിമമായി 85 ശതമാനത്തോളം പെരുപ്പിച്ച് കാണിച്ചു, അതിനായി അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തി, ലാഭത്തിലാണെന്ന് കാണിക്കാന്‍ കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ചത്. അദായിയുടെ സഹോദരന്മാര്‍ ഉള്‍പ്പെടെ കുടുംബത്തിലുള്ളവര്‍ നികുതിയില്ലാത്ത രാജ്യങ്ങളില്‍ കടലാസുകമ്പനികള്‍ തുറന്ന് കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് വരെ ആരോപണമുണ്ടായി.
2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ ഈ റിപ്പോര്‍ട്ട് ഭൂകമ്പമുണ്ടാക്കുമെന്നും മോദി ഉള്‍പ്പെടെ നിലം പൊത്തും എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളും അമേരിക്കയിലെ മോദിയെ വീഴ്‌ത്താന്‍ ഉദ്യമിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും ഇന്ത്യയിലെ ഒരു പിടി എന്‍ജിഒ സ്ഥാപനങ്ങളും ഉള്‍പ്പെടെ കരുതിയത്.
2023ലാണ് ഹിന്‍ഡന്‍ ബര്‍ഗ് അദാനിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരി വില പാതിയായി കുറഞ്ഞു. ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം രണ്ട് ദിവസത്തില്‍ അദാനി ഗ്രൂപ്പിന് ഓഹരി വിപണികളില്‍ നഷ്ടമായത് 4.18 ലക്ഷം കോടി രൂപയാണ്. ആദ്യ അഞ്ച് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നഷ്ടമായതിന് പിന്നാലെ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലും ഗൗതം അദാനിയുടെ സ്ഥാനം നഷ്ടമായി. അദാനി ഇല്ലാതാകുമെന്ന് ലോകം മുഴുവന്‍ കരുതി. മോദിയും ഇതിന് പിന്നാലെ കുരുക്കിലാകുമെന്ന് കോണ്‍ഗ്രസ് സ്വപ്നം കണ്ടു. എന്നാല്‍ ഒന്നും നടന്നില്ല.
അദാനിയെ വേട്ടയാടി രാഹുല്‍ ഗാന്ധിയും ജയറാം രമേശും പ്രശാന്ത് ഭൂഷണും
ഈ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ഇന്ത്യയില്‍ അദാനിയെയും മോദി സര്‍ക്കാരിനെയും ഏറ്റവുമധികം വേട്ടയാടിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശുമാണ്. അദാനിയ്‌ക്കെതിരായ അഴിമതി പുറത്തുവന്നതോടെ മോദി പ്രധാനമന്ത്രി പദം രാജിവെയ്‌ക്കണമെന്ന് വരെ രാഹുല്‍ ഗാന്ധി ആവശ്യമുയര്‍ത്തി. രാഹുല്‍ ഗാന്ധിക്ക് വേണ്ടി കോണ്‍ഗ്രസും തെരുവിലിറങ്ങി. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് സത്യമാണെന്നും ഇതിന്റെ പേരില്‍ അദാനിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വാദിച്ചത് പ്രശാന്ത് ഭൂഷണ്‍ ആണ്. പക്ഷെ വാദങ്ങള്‍ കേട്ടതിന് ശേഷം അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പ്രശാന്ത് ഭൂഷണെ പരസ്യമായി വിമര്‍ശിക്കുകയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളിക്കളയുകയും ചെയ്യുകയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സന്‍ കണ്ടം വഴി ഓടുന്നു
തങ്ങള്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ശരിയായിരുന്നുവെങ്കില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടേണ്ടിവരില്ലായിരുന്നു. എവിടെയൊക്കെയോ ഊതിപ്പെരുപ്പിച്ച നുണകള്‍ ഉള്ളതിനാലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് താഴിട്ട് ഉടമസ്ഥനായ ആന്‍ഡേഴ്സണ്‍ കണ്ടം വഴി ഓടുന്നത്. മാത്രമല്ല, ഇന്ത്യയില്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബിയുടെ ചീഫ് മാധബി പുരി ബുച്ച് ഒരു വര്‍ഷത്തോളം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെക്കുറിച്ച് അന്വേഷണം നടത്തി ഒരു ചുക്കും കണ്ടെത്താനായില്ല. പിന്നീട് അവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡേഴ്സന് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് തൊടുന്യായം നിരത്തുന്ന മറുപടിയായിരുന്നു ആന്‍ഡേഴ്സണ്‍ നല‍്കിയത്. സെബിയ്‌ക്ക് തങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ നിയമപരമായ അവകാശമില്ലെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ ഒരു സ്ഥാപനത്തിനും നിയമസാധുതയില്ലെന്നും ആണ് ആന്‍ഡേഴ്സണ്‍ മറുപടി നല്‍കിയത്. പക്ഷെ ഇതുകൊണ്ടൊന്നും വിടാന്‍ മാധബി പുരി ബുച്ച് തയ്യാറില്ലായിരുന്നു. അവര്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
മാധബി പുരി ബുച്ചിനെ പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം
ഇതിനിടെ കോണ്‍ഗ്രസ് വക്താവായ പവന്‍ ഖേരയിലൂടെ തുടര്‍ച്ചയായി മാധബി പുരി ബുച്ചിനെതിരെ കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഇതുവഴി നഥാന്‍ ആന്‍ഡേഴ്സണും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും എതിരെ നീങ്ങുന്നതില്‍ നിന്നും മാധബി പുരി ബുച്ചിനെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധബി പുരി ബുച്ച് പിന്‍വാങ്ങാന്‍ ഒരുക്കമല്ലായിരുന്നു. ഇത് നഥാന്‍ ആന്‍ഡേഴ്സന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെങ്കില്‍ എന്തുകൊണ്ട് തെളിവുകള്‍ സെബിയ്‌ക്ക് നല‍്കിക്കൂടാ?
ട്രംപിന്റെ വരവും നഥാന്‍ ആന്‍ഡേഴ്സനെ പേടിപ്പിക്കുന്നു
നുണകള്‍ പറഞ്ഞ് അദാനിയെ തകര്‍ക്കാന്‍ ശ്രമിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ ഉടമ നഥാന്‍ ആന്‍ഡേഴ്സന്‍ യുഎസ് പ്രസിഡന്‍റായി ജനവരി 20ന് സ്ഥാനമേല്‍ക്കാന്‍ പോകുന്ന ട്രംപിനെ ഭയപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ അദാനിയ്‌ക്കെതിരെ കൈക്കൂലി കുറ്റം ആരോപിച്ച യുഎസ് നിതിന്യായവകുപ്പിന്റെ അറ്റോര്‍ണി ജനറലിനോട് ഇതിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയിലെ ഏറ്റവും പ്രധാന ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ എന്തിനാണ് കുറ്റം ചാര്‍ത്തിയത് എന്നാണ് ചോദിച്ചിരിക്കുന്നത്. ഇതേ ചോദ്യം നാളെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്സനെതിരെയും ഉയര്‍ന്നുകൂടായ്കയില്ലല്ലോ. അതിനാലാണ് അദ്ദേഹം ഇപ്പോഴേ സ്ഥാപനം അടച്ചുപൂട്ടി മുങ്ങുന്നത്.
മഹുവ മൊയ്ത്രയും സമാധാനം പറയേണ്ടിവരും
ഇനി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു പിടി ആഗോള ധനകാര്യസ്ഥാപനങ്ങള്‍ പങ്കാളികളാണ്. ഇവര്‍ക്കെല്ലാം ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും അതിലെ നേതാക്കളുമായും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് സ്ഥാപനങ്ങളുമായും എന്തൊക്കെ ബന്ധമാണ് ഉള്ളതെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. അങ്ങിനെ പരിശോധിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും അവരുമായി ബന്ധപ്പെട്ട കുറെ കോര്‍പറേറ്റ്, ധനകാര്യ സ്ഥാപനങ്ങളും കുടുങ്ങും. പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ തുടര്‍ച്ചയായി ബഹളം വെച്ചിരുന്ന ബംഗാളില്‍ നിന്നുള്ള എംപിയായ മഹുവ മൊയ്ത്രയും സമാധാനം പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക