India

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയെന്നത് മതപരമായ മൗലികാവകാശം: യുവതിക്ക് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

Published by

ചെന്നൈ: പങ്കാളി, അച്ഛനമ്മമാര്‍, കുട്ടികള്‍ തുടങ്ങിയവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക എന്നത് ഏത് മതവും ആചരിക്കുന്നതിനുള്ള മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുമെന്ന് മദ്രാസ് ഹൈക്കോടതി. ഇത് ആര്‍ട്ടിക്കിള്‍ 25ന്റെ പരിധിയില്‍ വരുന്നതാണ്. ഇത്തരമൊരു അവകാശം നേടിയെടുക്കാന്‍ എപ്പോള്‍ വേണമെങ്കിലും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ വ്യക്തമാക്കി.

സാമ്പത്തിക ഇടപാട് കേസില്‍ തടവില്‍ കഴിയുന്ന യുവതിയുടെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. തടവിലുള്ള പി. കവിതയുടെ അച്ഛന്‍ ജനുവരി 11ന് മരിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം തേടിയായിരുന്നു ഹര്‍ജി. ജില്ലാ കോടതി പൊങ്കല്‍ അവധിയായിരുന്നതിനാല്‍ നേരിട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ്ങിലാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരി മരിച്ച വ്യക്തിയുടെ മകളായതിനാല്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കവിതയ്‌ക്ക് കോടതി മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചു. 2024 ഡിസംബര്‍ 31നാണ് കവിതയെയും ഭര്‍ത്താവ് പ്രശാന്തിനെയും സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലടച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by