തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം ‘സമാധി കുടീരത്തില്‍’ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഗോപന്‍സ്വാമിയുടേത് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. സമാധികുടീരം പൊളിക്കുന്നതിനെതിരെ ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന, മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പൊളിക്കൽ നടപടികളുമായി അധികൃതർ മുന്നോട്ട് പോയത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധി കുടീരം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കല്ലറയ്‌ക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്‌ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
ഹര്‍ജി പരിഗണിക്കവെ സ്വാമിയുടെ മരണത്തിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതി ചോദിച്ചൂ. സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട കോടതി, അങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ മരണം അസ്വാഭാവികമായി കണക്കാക്കുമെന്നും അഭിപ്രായപ്പെട്ടു. ബിഎന്‍എസ്എസിന്റെ 194-ാം വകുപ്പ് പ്രകാരം, സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു മരണം നടന്നാല്‍ അത് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് അയച്ച ബെഞ്ച് ഹര്‍ജി അടുത്തയാഴ്ചത്തേക്ക് പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: