പത്തനംതിട്ട: അമ്പതിലധികം തവണ മല ചവിട്ടിയിട്ടുള്ള നടന്‍ ജയറാം വീണ്ടും അയ്യപ്പസവിധത്തില്‍ എത്തി. ഇക്കുറി കുടുംബനാഥന്റെ കടമകള്‍ എല്ലാം തീര്‍ത്ത് ഏറെക്കുറെ ഭാരമൊഴിഞ്ഞ ജയറാമാണ് ഇക്കുറി അയ്യനെ കാണാന്‍ എത്തിയത്.
മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. അവര്‍ അച്ഛന്റെ കൂടൊഴിഞ്ഞ് പറന്നിരിക്കുന്നു. അവരെ സ്ഥാനത്താക്കിയതില്‍ ആശ്വസിക്കുമ്പോഴും സ്നേഹനിധിയായ ജയറാമിലെ അച്ഛന്‍ അവരെ ഓര്‍ത്ത് സങ്കടപ്പെടുകയും ചെയ്യും. “എന്റെ അയ്യപ്പൻ എന്ന് സ്വകാര്യ അഹങ്കാരത്തോടെ ഞാൻ പറയും. കാരണം, വർഷങ്ങളായി എന്റെ എല്ലാ വളർച്ചയിലും അയ്യപ്പനുണ്ടായിരുന്നു”- ജയറാം പറയുന്നു.
““തിരുവിതാംകൂർ ദേവസ്വം ബോർഡിന് 75 വയസാകുന്നു. ഞാൻ ശബരിമലയിൽ എത്താൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. തന്റെ എല്ലാ വളർച്ചയിലും അയ്യപ്പന്റെ സാന്നിധ്യമുണ്ടായിരുന്നു.”- അസ്സല്‍ അയ്യപ്പഭക്തനായ ജയറാം ഓര്‍ത്തെടുക്കുന്നു.
“ഒരു വർഷത്തെ സകലപാപങ്ങളും ഇറക്കി വയ്‌ക്കലാണ് അയ്യപ്പനെ കാണുക എന്ന് പറയുന്നത്. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന വിളിയിൽ നിന്ന് ഭക്തന് കിട്ടുന്ന സംതൃപ്തി പറഞ്ഞറിയാക്കാൻ കഴിയാത്തൊരു അനുഭൂതിയാണ്. തലമുറകൾ താണ്ടി വരുന്നൊരു സംസ്കാരമാണ് ശബരിമല യാത്ര. മലകൾ ചവിട്ടി അയ്യപ്പനെ കാണുന്ന അച്ഛന്റെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അതിന് ശേഷം അച്ഛന്റെ കയ്യിൽ തൂങ്ങി ഞാനും മല ചവിട്ടാൻ തുടങ്ങി. മക്കളുമായും ഭാര്യയുമായും എത്തി അയ്യനെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും ജയറാം പറഞ്ഞു.
ഇക്കുറി പമ്പാസംഗമത്തിലെ മുഖ്യ അതിഥി ജയറാമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന മുഹൂർത്തം എന്നാണ് ജയറാം ഈ അവസരസിദ്ധിയെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക