India

മഹാരാഷ്‌ട്രയിൽ മിനി നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

15,000 പ്രവർത്തകരുടെ ശിബിരം നടത്തി

Published by

ന്യൂദെൽഹി:മഹാരാഷ്‌ട്രയിൽ “മിനി നിയമസഭാ തെരഞ്ഞെടുപ്പിന്” ഒരുങ്ങി ബിജെപി. 29 മുനിസിപ്പൽ കോർപ്പറേഷനുകൾ, 32 ജില്ലാ കൗൺസിലുകൾ, 253 നഗർ പഞ്ചായത്തുകൾ എന്നിവയിലുൾപ്പെടെ 960 തദ്ദേശസ്ഥാപനങ്ങളിലെ പതിമൂന്നായിരത്തോളം സീറ്റുകളിലേക്ക് മൂന്നു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി മഹാരാഷ്‌ട്രയിൽ ശക്തമായ തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയത്. ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഹർജിയിൽ തീർപ്പാവുന്നതോടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ തയ്യാറെടുപ്പിനായി സംസ്ഥാനത്തെ പതിനഞ്ചായിരത്തോളം പ്രധാന പ്രവർത്തകരുടെ രണ്ട് ദിവസത്തെ സമ്മേളനം കഴിഞ്ഞദിവസം ഷിർദിയിൽ ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും പ്രതിപക്ഷം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ ബിജെപി പ്രവർത്തകർ കഠിന പരിശ്രമം നടത്തണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെയുള്ള എല്ലാ തലങ്ങളിലും പാർട്ടി അധികാരത്തിലുണ്ടെന്ന് ബിജെപി പ്രവർത്തകർ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ വൻവിജയം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആവർത്തിക്കണമെന്ന് സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സുപ്രീംകോടതിക്ക് വിധേയമായി അടുത്ത മൂന്നു നാല് മാസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ നേടിയതിന് സമാനമായ വിജയം നേടാൻ ഈ തിരഞ്ഞെടുപ്പുകളിലും നമുക്ക് കഴിയണം. പാർട്ടി പ്രവർത്തകർ അതിനായി സജ്ജരായിരിക്കണം. അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അരാജവാദികളുടെ സഹായത്തോടെ കലാപം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നമ്മെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയവർ അരാജകശക്തികളുടെ പിന്തുണയോടെ വടക്കൻ മഹാരാഷ്‌ട്രയിലെ മാലേഗാവ്, അമരാവതിയിലെ അഞ്ചൻഗാവ് സംസ്ഥാനത്തെ മറ്റ് ചില ഭാഗങ്ങൾ കേന്ദ്രീകരിച്ച് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ വോട്ട് ജിഹാദ് നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ഈ അരാജകശക്തികൾക്കെതിരെ നമുക്ക് പോരാടേണ്ടി വരും. അദ്ദേഹം പറഞ്ഞു.

ജനുവരി 20നകം സംസ്ഥാനത്ത് 15 ദശലക്ഷം അംഗങ്ങളെ ചേർക്കുന്ന പാർട്ടി പരിപാടി പൂർത്തിയാകും. ഒരു ബൂത്ത് കമ്മിറ്റി പുതുതായി 250 അംഗങ്ങളെ ചേർക്കണമെന്നാണ് പാർട്ടി നിർദ്ദേശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by