കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസ് നടത്താന്‍ പ്രത്യേക പിരിവുമായി സിപിഎം. ഓരോ പാര്‍ട്ടി അംഗങ്ങളും 500 രൂപ വീതം നല്‍കണമെന്നും ജോലിയുള്ളവര്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികള്‍ക്ക് കൈമാറണം.
കാസര്‍കോട് ജില്ലയില്‍ സിപിഎമ്മിന് 28,000 അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പുറമെ പാര്‍ട്ടിനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഉണ്ട്. ഇവരില്‍ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ എന്നിവര്‍ അടക്കമുള്ള ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കായി നിയമ പോരാട്ടം നടത്താനാണ് ഫണ്ട് പിരിക്കുന്നത്. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎം പണം പിരിക്കുന്നത്. 2021 ല്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ അവസാന വട്ട ജോലികള്‍ക്കെന്ന് പറഞ്ഞാണ് ഫണ്ട് സമാഹരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതിന് മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ളവരെ അഞ്ച് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക