പ്രയാഗ്രാജ്: ലോക ജനശ്രദ്ധ ആകര്ഷിച്ചുകൊണ്ടിരിക്കുന്ന മഹാകുംഭമേള മാറ്റി മറിക്കുന്നത് യുപി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി. കുംഭമേളയിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലഭിക്കുന്നത് രണ്ട് ലക്ഷം കോടിയുടെ വരുമാനമെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. മേളയില്‍ എത്തുന്ന 40 കോടിയിലധികം ഭക്തരില്‍ ഓരോരുത്തരും 5,000 രൂപ ചെലവഴിച്ചാലാണ് രണ്ട് ലക്ഷം കോടി എത്തുക. ഇത് 10,000 ആണെങ്കില്‍ വരുമാനം നാല് ലക്ഷം കോടിയായി ഉയരും.
യുപി സര്‍ക്കാര്‍ കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കായി 7,000 കോടി രൂപയാണ് വിനിയോഗിച്ചത്. ഭക്ഷണ-പാനീയം ഇനത്തില്‍ 20,000 കോടിയാണ് വരുമാനം കണക്കാക്കുന്നത്. എണ്ണ, വിളക്ക്, വഴിപാട് ഇനത്തില്‍ 20,000 കോടി, ഗതാഗതം 10,000 കോടി, ഇ- ടിക്കറ്റിങ്, മൊബൈല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിവയ്ക്ക് 1000 കോടി വരുമാനവും ലഭിക്കുമെന്നാണ് ഏകദേശ കണക്ക്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമം മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4045 കോടി ഭക്തരില്‍ ഏകദേശം 80 ശതമാനവും 6,000-8,000 രൂപ വരെ ചെലവഴിക്കുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കരുതുന്നത്. കുംഭമേളയുടെ 45 ദിവസങ്ങളില്‍ മൊത്തം 22.5 ലക്ഷം കോടി സാമ്പത്തിക ഇടപാടുകളാണ് നടക്കുക. ഈ തുക ദേശീയ ജിഡിപിയുടെ 0.8 ശതമാനത്തിന് തുല്യമാണ്. 2019ലെ അര്‍ധ കുംഭമേളയില്‍ നിന്ന് സംസ്ഥാനത്തിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: