ഭൂമിയിലെ ജീവന്റെ ഉറവിടങ്ങളില്‍ ഒന്നാണ് സമുദ്രം. മനുഷ്യനാവശ്യമായ ധാതുക്കള്‍, ഭക്ഷണം, വിവിധ തരം മരുന്നുകള്‍, ഊര്‍ജ്ജം എന്നിവ സമുദ്രം പ്രദാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിലും ആഗോള താപനത്തിലും സമുദ്രത്തിന് പ്രധാന പങ്കുണ്ട്. മനുഷ്യന് മത്സ്യബന്ധനത്തിനും വ്യാപാരത്തിനും ഗതാഗതത്തിനും വിവിധ തരം ഖനനത്തിനും സമുദ്രത്തെ സമര്‍ത്ഥമായി പ്രയോജനപ്പെത്തുമ്പോള് തന്നെ സമുദ്രത്തിന് ഭീഷണിയാവുന്ന പ്രവര്‍ത്തികളിലും ഏര്‍പ്പെടാറുണ്ട്. അതിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത്.
അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിന്റെ ഭാഗമായി പര്യാവരണ്‍ ഗതിവിധിയും ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘവും കേരളത്തിലെ കടല്‍ തീരങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ നടത്തിയ ശുചീകരണ യജ്ഞത്തില്‍ 82 മത്സ്യഗ്രാമങ്ങളില്‍ നിന്നായി ലഭിച്ച പ്ലാസ്റ്റിക് മാലിന്യം മാത്രം 10,000 കിലോവരും. കടലിനേയും കരയേയും പ്ലാസ്റ്റിക് വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിലാണ് സമുദ്ര വന്ദനത്തിന്റെ പ്രസക്തിയേറുന്നത്.
സമുദ്ര വന്ദനം എന്നതൊരു സന്ദേശമാണ്. ഒരു സാംസ്കാരിക ഉണര്‍വാണത്. സമ്മുടെ സനാതന ധര്‍മ്മത്തിന്റെ ഭാഗമായി ഏതൊരു പ്രവൃത്തിയും ആരംഭിക്കുന്നതിന് മുമ്പ് ആ വസ്തുവിനെ തൊട്ടു നമസ്കരിക്കുക, അനുവാദം ചോദിക്കുക, വന്ദിക്കുക എന്നിവയെല്ലാം തലമുറകളായി ഭാരതീയര്‍ പിന്തുടരുന്നുണ്ട്. മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ തൊട്ട് വന്ദിക്കും. കടലിനെ അമ്മയായി കണ്ടുകൊണ്ടാണ് ഈ വന്ദനം.
പുരാണത്തില്‍ സമുദ്ര ദേവനായിട്ടാണ് വരുണ ഭഗവാനെ കണക്കാക്കുന്നത്. അതുകൊണ്ട് വരുണ ആവാഹനവും പൂജയും തദവസരത്തില്‍ നടക്കും. വര്‍ഷത്തിലൊരിക്കല്‍ സമൂഹം ഒന്നാകെ സമുദ്രതീരത്തെത്തി, തങ്ങള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും നല്കുന്ന കടലമ്മയ്ക്ക് തങ്ങളാല്‍ കഴിയുന്ന ദ്രവ്യങ്ങളും മറ്റും സമര്‍പ്പിക്കും. സമുദ്രമാണ് അന്നദാതാവ് എന്ന ബോധ്യമാണ് ഓരോ മത്സ്യ പ്രവര്‍ത്തകനും ഉള്ളത്.
ജൈവ വൈവിധ്യത്തിന്റേയും ജീവജാലങ്ങളുടേയും കലവറയാണ് സമുദ്രം. കടല്‍ജലത്തിന്റെ താപനില വര്‍ധനവ്, അമ്ലീകരണം, സമുദ്രനിരപ്പിലെ ഉയര്‍ച്ച എന്നിവ മനു
ഷ്യരാശിയ്ക്ക് ഒന്നാകെ ഭീഷണിയാണ്. ഇതില്‍ മനുഷ്യ സൃഷ്ടിയായ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്.
ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പുഴയിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്നു. മാലിന്യം ബോധപൂര്‍വ്വം കടലിലേക്ക് തള്ളിവിടുന്നതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. സമുദ്രത്തിന്റെ ആവാസ വ്യവസ്ഥിതിയ്ക്കും സമുദ്രജീവികള്‍ക്കും ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യം.
പല തരം മത്സ്യങ്ങളും ഇന്ന് തീരക്കടലില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കടല്ക്കരയില് കുഴിയെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടങ്ങുന്ന ആമകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ പ്ലാസ്റ്റിക് മാലിന്യം ചെളിയില്‍ പുതഞ്ഞുകിടക്കുമ്പോള്‍ മുകള്പരപ്പിലാവട്ടെ അവ പരന്നൊഴുകുന്നു.
സമുദ്ര മലിനീകരണം ചെറുക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. സമുദ്രം പൊതുസ്വത്താണ്. ഭാവി തലമുറയ്ക്കു വേണ്ടിയും അതിനെ സംരക്ഷിച്ച് നിലനിര്‍ത്തണം. മാനവരാശിയുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമെന്ന നിലയിലാണ് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സമുദ്ര വന്ദനത്തെ പുണ്യപ്രവര്‍ത്തിയായി കണ്ട് അതിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കുന്നത്.
(ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: