India

ട്രംപിനെ വെല്ലുവിളിച്ച് ഖലിസ്ഥാന്‍വാദിയായ കാനഡയിലെ രാഷ്‌ട്രീയ നേതാവ് ജഗ്മീത് സിങ്ങ്; ഖലിസ്ഥാനികളുടെ അന്ത്യമടുത്തോ?

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണച്ചിരുന്ന അവിടുത്തെ സിഖുകാരുടെ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ ജഗ്മീത് സിങ്ങ് തിങ്കളാഴ്ച ചൊറിഞ്ഞത് യുഎസ് പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിനെ. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുമെന്ന ട്രംപിന്‍റെ വെല്ലുവിളി തീക്കളിയാണെന്നും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നുമാണ് ജഗ്മീത് സിങ്ങ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിരിക്കുന്ന മറുപടി.

Published by

വാന്‍കൂവര്‍: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണച്ചിരുന്ന അവിടുത്തെ സിഖുകാരുടെ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായ ജഗ്മീത് സിങ്ങ് തിങ്കളാഴ്ച ചൊറിഞ്ഞത് യുഎസ് പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിനെ. കാനഡയെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കുമെന്ന ട്രംപിന്റെ വെല്ലുവിളി തീക്കളിയാണെന്നും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നുമാണ് ജഗ്മീത് സിങ്ങ് ഡൊണാള്‍ഡ് ട്രംപിന് നല്‍കിയിരിക്കുന്ന മറുപടി.

യുഎസിലും യുകെയിലും കാനഡയിലും ഖലിസ്ഥാന്‍ വാദികളുടെ വിളയാട്ടമാണ് കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്നത്. ഇന്ത്യന്‍ എംബസികളില്‍ കയറി കുഴപ്പമുണ്ടാക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. കാരണം ഇത്തരം വിധ്വംസക ശക്തികള്‍ക്ക് വളം വെച്ചുകൊടുക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ജോ ബൈഡന്റെ നേതൃത്വത്തില്‍ യുഎസ് ഭരിച്ചിരുന്നത്. കാരണം ഇന്ത്യയില്‍ മോദി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ പന പോലെ വളരണം എന്ന് ചിന്തിച്ച പാര്‍ട്ടിയാണ് യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടി. അവര്‍ ഊട്ടി വളര്‍ത്തുന്ന എന്‍ജിഒ സംഘടനകളും ഇന്ത്യയില്‍ മോദിയെ അട്ടിമറിക്കാന്‍ പറ്റുന്ന തുരുപ്പു ചീട്ടായാണ് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഖലിസ്ഥാന്‍കാര്‍ക്ക് നല‍്കിയിരിക്കുന്നത്. എന്നാല്‍ മോദിയുടെ ജാതകഗുണം കൊണ്ട് ഇപ്പോള്‍ ഡമോക്രാറ്റുകളുടെ യുഗം അവസാനിപ്പിച്ച് വീണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയിരിക്കുന്നു. ഇനി എന്‍ജിഒകളെ മൂക്കുകയറിട്ട് നിര്‍ത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. .

എന്തായാലും ജഗ്മീത് സിങ്ങിന് ട്രംപ് ഉചിതമായ മറുപടി നല്‍കുമെന്ന് ഉറപ്പ്. അത് എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ബിജെപി. കാരണം ഖലിസ്ഥാന്‍ വാദം മോദി സര്‍ക്കാരിന് വലിയൊരു തലവേദനയായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തിന് മോദിയെ വധിക്കുമെന്ന് നാഴികയ്‌ക്ക് നാല്‍പത് വട്ടം ഭീഷണി മുഴക്കുന്ന ഖലിസ്ഥാന്‍ വാദിയായ എസ് എഫ് ജെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ യുഎസില്‍ വധിക്കാന്‍ മോദി സര്‍ക്കാര്‍ ആളെ വിട്ടു എന്ന് വരെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ നീതിന്യായ വകുപ്പ് കുറ്റപ്പെടുത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. യുഎസ് നീതിന്യായ വകുപ്പിനെ അറിയാമല്ലോ? മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ് അടക്കം അംഗമായ ഡീപ് സ്റ്റേറ്റ് എന്ന അധികാരകേന്ദ്രത്തിന്റെ കയ്യിലെ കളിപ്പാവയാണ് യുഎസ് നീതിന്യായവകുപ്പ്. ഇതേ നീതിന്യായവകുപ്പിലെ ഒരു അറ്റോര്‍ണിയാണ് ഈയിടെ ഗൗതം അദാനിക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയത്.

ഇനി പഴയൊരു ഖലിസ്ഥാന്‍ കഥ പറയാം. പണ്ട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭിന്ദ്രന്‍വാല എന്ന ഖലിസ്ഥാന്‍ ഭീകരനെ പാലൂട്ടി വളര്‍ത്തിയതിന്റെ തിക്തഫലം അവര്‍ പിന്നീട് അനുഭവിച്ചു. ഭിന്ദ്രന്‍വാല തന്റെ കയ്യില്‍ ഒതുങ്ങാത്ത ശക്തിയാണെന്ന് കണ്ടതോടെയാണ് ഇന്ദിരാഗാന്ധി ഭിന്ദ്രന്‍ വാലയെ വധിക്കാന്‍ സിഖുകാരുടെ പരിശുദ്ധ ക്ഷേത്രമായ സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലേക്ക് പട്ടാളത്തെ അയച്ചത്. സുവര്‍ണ്ണക്ഷേത്രത്തില്‍ അഭയം തേടിയ ഭിന്ദ്രന്‍ വാല ഒരിയ്‌ക്കലും താന്‍ വധിക്കപ്പെടുമെന്ന് കരുതിക്കാണില്ല. പക്ഷെ ശക്തയായ ഭരണാധികാരിയായ ഇന്ദിരാഗാന്ധിയ്‌ക്ക് അറിയാം ഭിന്ദ്രന്‍ വാലയെ വധിച്ചാല്‍ മാത്രമേ അധികാരം തന്റെ കയ്യില്‍ ഭദ്രമാകൂ എന്ന്. സൈന്യം ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ എന്ന പേരിട്ട് വിളിച്ച ദൗത്യം നിര്‍വ്വഹിച്ചു. സുവര്‍ണ്ണക്ഷേത്രത്തിനുള്ളില്‍ കയറി ഭിന്ദ്രന്‍ വാലയെ തോക്കിനിരയാക്കി. ഇന്ദിരാഗാന്ധി അതിന്റെ പേരില്‍ സിഖുകാരുടെ വെറുപ്പ് സമ്പാദിച്ചു. ഇതാണ് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായി ജോലി ചെയ്യുന്ന സാധാരണ സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊല്ലാന്‍ കാരണമായത്. അതും പട്ടാപ്പകല്‍.

എന്തായാലും മോദി സര്‍ക്കാര്‍ ഈ ഖലിസ്ഥാന്‍ ഭീഷണിയെ കരുതലോടെയാണ് സമീപിക്കുന്നത്. ആം ആദ്മിയെ വളര്‍ന്നത് ഖലിസ്ഥാന്‍ വാദികളുടെ വിദേശ ഫണ്ടില്‍ നിന്നാണ്. ഇത് എല്ലാവര്‍ക്കും അറിയാം. പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിദേശത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ വാരിക്കോരി നല്‍കിയ ഫണ്ട് ഉപയോഗിച്ച് ആം ആദ്മി പ‍ഞ്ചാബിലെ ഭരണംപിടിച്ചു. സിഖുകാര്‍ അതിവൈകാരികതയുള്ള ഒരു സമുദായമാണ്. കരുതലോടെ നേരിട്ടില്ലെങ്കില്‍ അത് ആളിക്കത്തി, നമ്മളെ നശിപ്പിക്കുമെന്ന് മോദിയ്‌ക്കറിയാം.

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടിയ യുഎസിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഖലിസ്ഥാന്‍കാരെ മോദി സര്‍ക്കാരിനെതിരെ അണിനിരത്താന്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ യുഎസ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ സിഖുകാര്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന് പ്രസംഗിച്ചത്. ഇതിനെതിരെ പഞ്ചാബിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു. കാരണം ഇന്ത്യയില്‍ സിഖുകാരുടെ മേല്‍ യാതൊരു നിയന്ത്രണവും മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം സിഖുകാരെ മോദിയ്‌ക്ക് എതിരാക്കി മാറ്റുക എന്നതാണ്. അതാണ് അവര്‍ കര്‍ഷകസമരത്തിലൂടെയും പുറത്തെടുക്കാന്‍ നോക്കുന്നത്. എന്നാല്‍ കര്‍ഷകസമരത്തെയും മോദി സര്‍ക്കാര്‍ നിര്‍വ്വീര്യമാക്കി.

എന്തായാലും ജഗ്മീത് സിങ്ങിന്റെ പ്രേരണമൂലമാണ് ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ മണ്ണില്‍ വെച്ച് ഒരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ കൊലയ്‌ക്ക് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയതന്ത്ര പ്രതിനിധികളാണെന്ന് കുറ്റപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് സാധിച്ചില്ല. ഇപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി പദം രാജിവെച്ച് ഒഴിഞ്ഞിരിക്കുന്നു. ഇനി ജസ്റ്റിന്‍ ട്രൂഡോയുടെ ഈ കൂട്ടാളിയുടെ രാഷ്‌ട്രീയഭാവിയും ട്രംപിനെ വിമര്‍ശിച്ചതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക