ന്യൂദെൽഹി:ഭരണഘടന സംരക്ഷിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി തെലങ്കാനയിൽ ബിആർഎസിന്റെ നിയമസഭാംഗങ്ങളെ കൂറുമാറ്റുകയാണെന്ന് ബി.ആർ.എസ് ആരോപിച്ചു. രാഹുലിന്റെ വാദം അദ്ദേഹത്തിന്റെ പാർട്ടി തന്നെ തെലങ്കാനയിൽ ലംഘിക്കുകയാണെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിആർഎസ് 39 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിനു ശേഷം 10 ബിആർഎസ് എംഎൽഎമാരെ കോൺഗ്രസ് കുറുമാറ്റി അവരുടെ പാളയത്തിലെത്തിച്ചു. മകരസംക്രാന്തി ഉത്സവത്തിന് ശേഷം കൂടുതൽ ബിആർഎസ് എംഎൽഎമാർ സംസ്ഥാന കോൺഗ്രസിൽ എത്തുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ സൂചന വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബിആർഎസ് നേതാവ് കെടി രാമറാവു കോൺഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജനുവരി അവസാനവാരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും പങ്കെടുക്കുന്ന സംവിധാൻ ബച്ചാവോ റാലി തെലങ്കാനയിൽ നടക്കാനിരിക്കെയാണ് കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി ബിആർഎസ് നേതാവ് രംഗത്തെത്തിയത്. സംവിധാൻ ബച്ചാവോ അഥവാ ഭരണഘടന സംരക്ഷിക്കുകയെന്ന പരിപാടി കോൺഗ്രസ് ഹൈദരാബാദിൽ നടത്തുമ്പോൾ അതേ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കൂടുതൽ ബിആർഎസ് എംഎൽഎമാരെ കോൺഗ്രസിലേക്ക് കൂറുമാറ്റുമെന്നാണ് പറയുന്നത്. ഭരണഘടനയെ രക്ഷിക്കാൻ എന്തൊരു മികച്ച മാർഗ്ഗമാണ് രാഹുൽഗാന്ധിജി നിങ്ങളുടെ പാർട്ടി സ്വീകരിക്കുന്നതെന്ന പരിഹാസത്തോടെ ബിആർഎസ് നേതാവ് കെ.ടി. രാമറാവു എക്സിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്‌ച്ച കരീം നഗറിൽ നടന്ന ഒരു സർക്കാർ അവലോകനയോഗത്തിൽ പങ്കെടുത്ത രണ്ട് എംഎൽഎമാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നിരുന്നു. ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ ഡോ. സഞ്ജയ് കുമാർ എംഎൽഎയും ബിആർഎസിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള പാഡി കൗശിക് റെഡ്ഡിയും തമ്മിലായിരുന്നു രൂക്ഷമായ പോര് നടന്നത്. കോൺഗ്രസിലേക്ക് കൂറുമാറിയ ഡോ. സഞ്ജയ് കുമാറിനോട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും നിങ്ങളുടെ എംഎൽഎ പദവി ബിആർഎസ് നേതാവ് ചന്ദ്രശേഖരറാവു നൽകിയ ഭിക്ഷയാണെന്നും പാഡി കൗശിക് റെഡ്ഡി ആരോപിച്ചു. ഡോ. സഞ്ജയ് കുമാർ മാത്രമല്ല ബിആർഎസ് പക്ഷത്തുനിന്ന് മാറിയ 10 എംഎൽഎമാരും എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടു. എംഎൽഎമാരെ നേരിട്ട കൗശിക് റെഡ്ഡിയുടെ നടപടിയെ കെടി രാമറാവു അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: