കോട്ടയം: സോഷ്യല്‍ മീഡിയ ട്രോളില്‍ പൊരിച്ചെടുത്ത ജിജി എന്ന കവിതയെ ന്യായീകരിച്ച് മലയാള മനോരമ രംഗത്തെത്തി. മനോരമയുടെ തന്നെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയിലാണ് ജിജി എന്ന കവിത അച്ചടിച്ചു വന്നത്. കവിയും അധ്യാപകനുമായ കെ ആര്‍ ടോണിയുടെ കവിത ജിജിയുടെ പ്രത്യേകതകളാണ് അവതരിപ്പിക്കുന്നത്. കല്ലിന്‌റെ കട്ടി ജിജി, എല്ലിന്‌റെ മജ്ജ ജിജി, മണ്ടയിലെ രേഖ ജിജി, തൊണ്ടയിലെ നനവു ജിജി എന്നിങ്ങനെയാണ് ജിജിക്കവിതയുടെ മുന്നേറ്റം. പ്രഥമ ദൃഷ്ടിയാല്‍ തന്നെ കവിതയുടെ ഓരത്ത് കൂടെ പോലും പോയിട്ടില്ലെന്ന് ബോധ്യപ്പെടുന്ന ഈ കാവ്യാഭാസത്തെ സോഷ്യല്‍ മീഡിയ ഒട്ടൊന്നുമല്ല ട്രോളിയത്. കവിത അച്ചടിച്ച പത്രാധിപര്‍ക്ക് നേരെ പോലും പരിഹാസ പെരുമഴ ഉണ്ടായി. ഭാഷാപോഷിണി പ്രതിരോധത്തിലുമായി. കവിത എന്ന പേരില്‍ എന്തും അച്ചടിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഉയര്‍ന്നുവന്ന പ്രധാന ആക്ഷേപം. കവിതയല്ല കവിയെയാണ് സാഹിത്യ മാസികകള്‍ എടുത്തുയര്‍ത്തുന്നതെന്നും വിമര്‍ശിക്കപ്പെട്ടു. ഇതേതുടര്‍ന്നാണ് ആരാണ് ജിജി എന്ന പേരില്‍ ഇക്കഴിഞ്ഞ ദിവസം ഇറങ്ങിയ മലയാള മനോരമ പത്രത്തിന്‌റെ സണ്‍ഡേ സപ്ലിമെന്റില്‍ ലേഖനം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ ലേഖനത്തില്‍ ടോണിയുടെ പഴയകാല കവിതകള്‍ ഉദ്ധരിക്കുന്നതല്ലാതെ ആരാണ് ജിജി എന്ന് പറയുന്നില്ല.കവിതയുടെ വ്യാഖ്യാനിക്കുന്നുമില്ല. ജിജി മഹത്തായ കവിതയാണെന്ന് സാക്ഷ്യപ്പെടുത്താന്‍ എസ് കലേഷ്, ലോപ മുദ്ര, പി രാമന്‍, മനോജ് കുറൂര്‍ തുടങ്ങിയ എഴുത്തുകാരെ സാക്ഷികളായി പത്രം ഹാജരാക്കുന്നുമുണ്ട്.
കെ ആര്‍ ടോണിയുടെ പഴയൊരു കവിതയിലെ ‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചീടുകെന്നേ വരൂ എന്ന വരിയാണ് കവിത വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: