പത്തനംതിട്ട: കായികതാരമായ 18 വയസുള്ള പെണ്‍കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ 42 പേര് കസ്റ്റഡിയില്‍. പോക്സോ കേസില്‍ ഇന്നലെ എട്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്. പെണ്‍കുട്ടി പറഞ്ഞ 64 പേരില്‍ 62 പേരെയും പോലീസ് തിരിച്ചറിഞ്ഞു. മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലക്ക് പുറത്താണെന്നാണ് ലഭിച്ച വിവരം.
ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. അറസ്റ്റിലായവരില്‍ 30 വയസിന് താഴെയുള്ളവരാണ് ഏറെയും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍, ഓട്ടോഡ്രൈവര്‍ എന്നിവരുമുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പലരും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇന്നലെ അറസ്റ്റിലായവരില്‍ മൂന്ന് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വിദേശത്തുള്ളയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചുവെന്ന് പോലീസ് കണ്ടെത്തി. വാട്സ്ആപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഉള്‍പ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര് പീഡിപ്പിച്ചത്.
അച്ഛന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ല. പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ കാമുകനായ സുബിന് മൊബൈല്‍ ഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് 16 വയസായപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.
പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ സംഘം ചേര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍വച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. ജില്ലയ്ക്കകത്തും പിന്നീട് തിരുവനന്തപുരത്തും എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി.
വാഹനത്തിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പിടിയിലായവരുടെ വീട്ടിലും പത്തനംതിട്ടയിലെ ചുട്ടിപ്പാറയിലുമെല്ലാം എത്തിച്ച് ലൈംഗികാതിക്രമം നടത്തി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ആളില്ലാത്ത ബസിലും പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പലരും പെണ്‍കുട്ടിയെ മറ്റു വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടു പോയത്. ഒരു ദിവസംതന്നെ നാലുപേര്‍ മാറിമാറി ബലാത്സംഗം ചെയ്തെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇതിനകം എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ അഞ്ചു പേരെയാണ് അറസ്റ്റ്ചെയ്തത്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഇലവുംതിട്ട പോലീസ് അഞ്ചുപേരെയും മൂന്ന് കേസെടുത്ത പത്തനംതിട്ട പോലീസ് ഒമ്പത് പ്രതികളെയും റാന്നി പോലീസ് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പേരില്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്കാന് പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: