വഡോദര: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ സ്‌കോര്‍ തിരുത്തിക്കുറിച്ചു. അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താണ് ഭാരത വനിതകള്‍ പുതിയ ചരിത്രം രചിച്ചത്.
50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തു. ഇതിനെതിരെ അയര്‍ലന്‍ഡിന് 50 ഓവറില്‍ 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 116 റണ്‍സ് ജയത്തോടെ മൂന്ന് മത്സര പരമ്പര ഭാരതം സ്വന്തമാക്കുകയും ചെയ്തു. ഭാരതത്തിനായി കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമായി ജെമീമ റോഡ്രിഗസ് മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.
ഇതിന് മുമ്പ് ഭാരതത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ 358 റണ്‍സായിരുന്നു. അയര്‍ലന്‍ഡിനെതിരെ തന്നെയാണ് ആതും നേടിയിട്ടുള്ളത്. വഡോദരയില്‍ ഇന്നലെ ടോസ് ഭാരതത്തിനായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച നായിക സ്മൃതി മന്ദാന ഓപ്പണിങ് വിക്കറ്റില്‍ പ്രതിക റാവലുമായി ചേര്‍ന്ന് അത്യുഗ്രന്‍ തുടക്കമാണ് നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ 19 ഓവറില്‍ 156 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മൃതി(73)യും പ്രതികയും(67) അടുത്തടുത്ത പന്തുകളില്‍ പുറത്തായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഹര്‍ലീന്‍ ഡിയോളും(89) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടുതല്‍ ഗംഭീരമാക്കി. ഇരുവരും ചേര്‍ന്ന് 183 റണ്‍സ് ഭാരത ടോട്ടലിലേക്ക് കൂട്ടിചേര്‍ത്തു. 89 റണ്‍സുമായി ഹര്‍ലീന്‍ മിന്നിയപ്പോള്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ട് ജെമീമ റോഡ്രിഗസ് ഭാരത ഇന്നിങ്‌സ് കൂടുതല്‍ ഉജ്ജ്വലമാക്കി.
91 പന്തുകള്‍ നേരിട്ട ജെമീമ 12 ബൗണ്ടറികളുടെ ബലത്തില്‍ 102 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ രണ്ട് റണ്‍സ് വീതമെടുത്ത് തേജല്‍ ഹസ്‌നാബിസും സയാലി സത്ഘാറെയും പുറത്താകാതെ നിന്നു. ഭാരത നിരയില്‍ റിച്ച ഘോഷ്(10) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍. അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റും അര്‍ലീന്‍ കെല്ലിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ അയര്‍ലന്‍ഡ് പൊരുതിനോക്കിയെങ്കിലും ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കാന്‍ സാധിച്ചില്ല. കര്‍ട്ട്‌ലി റെയില്ലി(80)യുടെ പ്രകടനമാണ് അവരുടെ ടോട്ടല്‍ കഷ്ടിച്ച് 250 എങ്കിലും കടന്നത്. ലീഹ് പോള്‍ 37 റണ്‍സോടെ പുറത്താകാതെ നിന്നു. ഭാരത ബൗളര്‍ ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക