കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ആലുവ ബ്ലൈന്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 9ന് കേരളത്തിന്റെ ആദ്യ മത്സരം നടക്കും. ഉത്തര്‍ പ്രദേശ് ആണ് എതിരാളികള്‍.
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ മദ്ധ്യപ്രദേശിനെ നേരിടും. ഉച്ചക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ ഒരു മണിക്ക് പശ്ചിമ ബംഗാള്‍ അസമിനെ നേരിടും. കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ കര്‍ണാടക രാജസ്ഥാനെ നേരിടും. ഉച്ചക്ക് ഗുജറാത്ത്- ഹരിയാന മത്സരം. ആലുവ യു. സി. കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശ് ഡല്‍ഹിയെ നേരിടുമ്പോള്‍ ഉച്ചക്ക് ശേഷം മഹാരാഷ്‌ട്രയെ തെലുങ്കാന നേരിടും. ജാര്‍ഖണ്ഡ്- ചണ്ഡീഗഡ് മത്സരം രാവിലെയും ബീഹാര്‍- വിദര്‍ഭ മത്സരം ഉച്ചക്ക് ശേഷവും അങ്കമാലി ഫിസാറ്റ് കോളേജില്‍ നടക്കും.
ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സി.എ.ബി.ഐ) ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരളയും(സി.എ.ബി.കെ)യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണുള്ളത്. 18ന് തൃപ്പൂണിത്തുറയിലെ പാലസ് ഓവലില്‍ ഫൈനല്‍ മത്സരം. ആകെ 34 കളികളാണുള്ളത്. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡന്‍ എം. പി നിര്‍വ്വഹിച്ചു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ട്രോഫി പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക