Kerala

എല്ലാം പിണറായി ഏറ്റെടുത്തു; ഗോവിന്ദന്‍ ബഹിഷ്‌കരിച്ചു

Published by

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ബഹിഷ്‌കരിച്ചു. സെമിനാറില്‍ മാത്രം പങ്കെടുത്ത് ഗോവിന്ദന്‍ ജില്ല വിട്ടു. മൂന്നു ദിവസത്തെ ജില്ലാ സമ്മേളനം പിണറായി മയമായിരുന്നു. ഗോവിന്ദന്‍ കാഴ്ചക്കാരന്‍ മാത്രമായി.

സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിബി അംഗമായ പിണറായി വിജയന്‍ കൈയടക്കി. ഉദ്ഘാടനവും പ്രതിനിധികളോടുള്ള ആമുഖ പ്രസംഗവും നിര്‍വഹിച്ചത് പിണറായി വിജയനായിരുന്നു. സമ്മേളനത്തിന്റെ സമാപനമായി നടത്തിയ പൊതുസമ്മേളനം കൂടി പിണറായി ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാന സെക്രട്ടറിക്ക് യാതൊരു റോളുമില്ലാതായി. ഈ സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിയംഗങ്ങള്‍ക്കും പൊതുവേദിയില്‍ ആശംസ പോലും അര്‍പ്പിക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥലം വിട്ടത്.

ഗോവിന്ദനെ കാഴ്ചക്കാരനാക്കിയാണ് പിണറായി സമ്മേളനം കൈപ്പിടിയിലാക്കിയത്. സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാന്‍ പക്ഷം സമഗ്ര ആധിപത്യം നേടിയെങ്കിലും, ആര്‍. നാസറിനെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചു.

മൂന്ന് ദിവസവും പൂര്‍ണമായി പങ്കെടുത്താണ് പിണറായി സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ഔദ്യോഗിക പക്ഷത്ത് ഭിന്നത രൂക്ഷമായി തുടരുന്നത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനാണ് മുഖ്യമന്ത്രി ആദ്യന്തം തുടര്‍ന്നത്. ഉദ്ഘാടനവും, സമാപനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനവും പിണറായി വിജയനാണ് നടത്തിയത്. പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിനിധികള്‍ ധൈര്യം കാണിച്ചതുമില്ല.

വിമര്‍ശനങ്ങള്‍ തീരെ കുറവായിരുന്നതിനാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ വിചാരിച്ചതിലും മണിക്കൂറുകള്‍ക്ക് മുന്‍പ് അവസാനിച്ചു. ചര്‍ച്ചകളെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകമായി. മുന്‍പത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണ്, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കായംകുളം എംഎല്‍എ യു. പ്രതിഭയെയും മാവേലിക്കര എംഎല്‍എ എം.എസ്. അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതേസമയം, അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രന്‍ എന്നിവരാണ് എംഎല്‍എമാരെ കൂടാതെ ജില്ലാ കമ്മിറ്റിയില്‍ പുതിയതായി ഇടം നേടിയത്. കെ. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍, പി. അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍, എന്‍. ശിവദാസന്‍ എന്നിവരാണ്
പുറത്തായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by