Kerala

തമ്പാനൂരില്‍ ലോഡ്ജില്‍ സ്ത്രീയുടെയും മധ്യവയസ്‌കന്റെയും മരണം; ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തി കുമാരന്‍ ജീവനൊടുക്കി

കുമാരന്‍ വിവാഹമോചിതനായ ശേഷമാണ് ആശയുമായി അടുപ്പത്തിലാകുന്നത്

Published by

തിരുവനന്തപുരം:തമ്പാനൂരില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുളള ലോഡ്ജില്‍ സ്ത്രീയെയും മധ്യവയസ്‌കനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. പേയാട് സ്വദേശികളായ സി. കുമാരന്‍ (51), ആശ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആശയെ കഴുത്തറുത്ത് കൊല ചെയ്ത ശേഷം കുമാരന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് ഡിസിപി കാര്‍ത്തിക് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റാണ്് സി. കുമാരന്‍. പാങ്ങോട് സൈനിക ക്യാമ്പില്‍ താത്കാലിക ജീവനക്കാരിയാണ് ആശ. ആശയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് കഴിഞ്ഞദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കുമാരന്‍ രണ്ടുദിവസം മുമ്പാണ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടൂറിസ്റ്റ് ഫോമില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെയാണ് ആശ ഇവിടെ എത്തിയത്. മുറി വൃത്തിയാക്കാന്‍ രാവിലെ ലോഡ്ജ് ജീവനക്കാര്‍ എത്തി തട്ടി വിളിച്ചിട്ടും തുറക്കാത്തിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് മുറിയുടെ കതക് ചവിട്ടിപ്പൊളിച്ച് ഉളളില്‍ കടന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ആശയുടെ മൃതദേഹം കിടന്നത്.കുമാരന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു. കൊലയ്‌ക്കുപയോഗിച്ചെന്ന് കരുതുന്ന കത്തി മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആശയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. മുറിയില്‍ മല്‍പ്പിടുത്തം നടന്നതിനും തെളിവുകളുണ്ട്. ഫോറന്‍സിക് സംഘം മുറിക്കുള്ളില്‍ വിശദമായ പരിശോധന നടത്തി.

കുമാരന്‍ വിവാഹമോചിതനായ ശേഷമാണ് ആശയുമായി അടുപ്പത്തിലാകുന്നത്.ആശ ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക