തിരുവനന്തപുരം: കര്‍ശന നടപടി സ്വീകരിച്ചിട്ടും ഐഎഎസ് തലപ്പത്തെ പോരിന് ശമനമുണ്ടാകാത്തത് സര്‍ക്കാരിന് തലവേദനയാകുന്നു. തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷനായി മാറ്റിയതിനെതിരെ ബി. അശോക് ഐഎഎസ് നിയമനടപടിക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ട്.
കൃഷിവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതിനു പിന്നാലെ കൃഷി വകുപ്പില്‍ നിന്ന് ബി. അശോകിനെയും മാറ്റിയെങ്കിലും ഐഎഎസുകാര്‍ക്കിടയിലെ ചേരിപ്പോര് രൂക്ഷമാകുന്നു. ബി. അശോക് ചികിത്സാ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ശ്രമമാരംഭിച്ചു. ഇതുവരെ തദ്ദേശ ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിക്കുകയോ പരിഗണനാ വിഷയങ്ങള്‍ നിര്‍ണയിക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ടതെങ്കിലും അശോകിന്റെ സമ്മതം വാങ്ങുകയോ വകുപ്പിനെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് നിയമ നടപടിയിലേക്ക് കടക്കാന്‍ ബി. അശോകിനെ പ്രേരിപ്പിക്കുന്നത്. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റിനെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റുകയാണ് സര്‍ക്കാര്‍ നീക്കത്തിന്റെ ലക്ഷ്യമെന്നതിനാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി വ്യാപകമാണ്.
വകുപ്പു സെക്രട്ടറിമാരുടെ പല യോഗങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളുടെ സാങ്കേതികവും നിയമപരവുമായ തടസങ്ങള്‍ അശോക് ചൂണ്ടിക്കാട്ടിയതും പ്രശ്‌നമായി എന്നാണ് റിപ്പോര്‍ട്ട്. വയനാട് പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെ അശോക് എതിര്‍ത്തിരുന്നു. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ് നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു ടെന്‍ഡറില്ലാതെ നല്കിയതും ചോദ്യം ചെയ്യപ്പെട്ടു.
ഇതോടെയാണ് അശോകിനെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് മാറ്റുന്നത്. കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കൃഷിവകുപ്പില്‍ നിന്ന് ബി. അശോകിനെയും മാറ്റിയതോടെ മന്ത്രി പി. പ്രസാദും വെട്ടിലായി. സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു പക്ഷത്തും സര്‍ക്കാരിന്റെ ചില തീരുമാനങ്ങളെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ മറുപക്ഷത്തുമായി.
ബി. അശോകിനെ കൃഷിവകുപ്പില്‍ നിന്നു മാറ്റിയകാര്യം വകുപ്പുമന്ത്രി അറിയുന്നത് വിഷയം മന്ത്രിസഭയില്‍ എത്തിയപ്പോഴാണ്. ഇതോടെ കൃഷി മന്ത്രി പി. പ്രസാദും അതൃപ്തനാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതലയാണ്. ഈ അധികാരമുപയോഗിച്ചാണ് അശോകിനെ മാറ്റുന്നത്. അശോകിനു പകരം ആരെ കൃഷിവകുപ്പിലേക്കു നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്തിനു ബി. അശോകിന്റെ പിന്തുണയുണ്ടെന്ന ധാരണയിലാണ് വകുപ്പില്‍ നിന്നുള്ള മാറ്റമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ സംസാരം.
ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അശോക്. കമ്മിഷന്‍ അധ്യക്ഷനാകുന്നതോടെ ഈ പദവി ഒഴിയണമെന്ന ആവശ്യം ഐഎഎസിലെ എതിര്‍ലോബി ശക്തമാക്കും. ഇതിന് വേണ്ടി കൂടിയാണ് മാറ്റമെന്നാണ് സൂചന. ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായി ഇടതു സര്‍ക്കാരിന്റെ അതിവിശ്വസ്തനായ ഒരാളെ എത്തിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക