ഓര്‍ക്കുവിന്‍ സൂര്യോദയത്തോടൊപ്പം
അനശ്വര സംസ്‌കാരത്തിടമ്പിനെ
ജീവിത നേതാവിനെ
ഈ വീര യുവാവിനെ ക്ഷണിക്കൂ
സമുന്നത ജീവിത സൗധശിലാസ്ഥാപനത്തിനു നിങ്ങള്‍
(വിവേകാനന്ദപ്പാറയില്‍ – പി. കുഞ്ഞിരാമന്‍ നായര്‍)
നാല്‍പതാമത് ദേശീയ യുവജന ദിനമാണ് ഇന്ന് (2025 ജനുവരി 12) ആഘോഷിക്കുന്നത്. 1985 മുതലാണ് വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആചരിച്ചു തുടങ്ങിയത്. ഇന്നത്തെ യുവ തലമുറയ്‌ക്ക് ആദര്‍ശമായി സ്വീകരിക്കാന്‍ വിവേകാനന്ദ സ്വാമികളുടെ ജീവിതത്തിനും സന്ദേശത്തിനുമല്ലാതെ മറ്റൊന്നിനും സാധിക്കില്ല. ആത്മവിശ്വാസത്തിന്റെയും കര്‍മ്മോന്മുഖതയുടെയും എന്നത്തെയും വലിയ പ്രേരണാസ്രോതസ്സാണ് സ്വാമികളുടെ വാക്കുകള്‍.
‘ആദര്‍ശവാനായ വ്യക്തി നൂറ് തെറ്റ് ചെയ്യുമ്പോള്‍ ആദര്‍ശ ശൂന്യനായവന്‍ നൂറായിരം തെറ്റ് ചെയ്യുന്നു. അതിനാല്‍ മനുഷന് നിശ്ചയമായും ഒരാദര്‍ശം ഉണ്ടായിരിക്കണം’ എന്നത് സ്വാമിജിയുടെ മൗലികമായ ചിന്തയായിരുന്നു. ജീവിതത്തില്‍ ഒരാദര്‍ശത്തെ സ്വീകരിക്കുകയും അതിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിക്കാന്‍ തയ്യാറുള്ള വ്യക്തികളെ സജ്ജമാക്കുകയാണ് സമാജത്തിന്റെയും രാഷ്‌ട്രത്തിന്റെയും പുരോഗതിയുടെ മാര്‍ഗ്ഗം എന്ന് സ്വാമിജി നിഷ്‌കര്‍ഷിച്ചു.
ലോകം ഇന്ന് ഭാരതത്തെ ഉറ്റുനോക്കുന്നതിന് കാരണം ലോകത്തിലെ യുവാക്കളുടെ ജനസംഖ്യയില്‍ സിംഹഭാഗവും ഈ രാഷ്‌ട്രത്തിലാണ് എന്നതുകൊണ്ടാണ്. നാളത്തെ ലോകത്തെ നയിക്കാന്‍ പര്യാപ്തമായ ഊര്‍ജ്ജ്വസ്വലതയാര്‍ന്ന പുതിയ തലമുറയുടെ നേരവകാശികളാണ് ഭാരതീയര്‍. ഇന്നത്തെ ഭാരതം പരിവര്‍ത്തനത്തിന്റെ ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച തലമുറയിലാണ് ഇന്ന് ഈ നാടിന്റെ ഭാഗധേയം എത്തി നില്‍ക്കുന്നത്. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന ജനതയുടെ ആശയാദര്‍ശങ്ങളും വികാരവിചാരങ്ങളുമാണ് നാടിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നതും.
ആഖ്യാനങ്ങളുടെ തിരമാലകളുയരുന്ന ഈ സാമൂഹ്യ മാധ്യമ കാലത്ത് നമ്മുടെ യുവജനത ആശയ കുഴപ്പത്തിന്റെ നീര്‍ചുഴിയിലകപ്പെട്ടു പോകുവാന്‍ സാധ്യതയേറെയാണ്. ലക്ഷ്യബോധമില്ലായ്മയും, അന്യവത്കരണവും മോഹഭംഗവും അപകടത്തിലാക്കുന്ന യുവ സമൂഹത്തിനെ ശ്രേഷ്ഠമായ ജീവിതാദര്‍ശത്തിന്റെ വഴിയെ നയിക്കാന്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ക്ക് തീര്‍ച്ചയായും സാധിക്കും.
‘ഈശ്വരനില്‍ വിശ്വസിക്കാത്തവനെ നാസ്തികനെന്ന് പഴയ മതങ്ങള്‍ വിളിച്ചു. ഞാനാവട്ടെ അവനവനില്‍ തന്നെ വിശ്വസിക്കാത്തവനെയാണ് നാസ്തികന്‍ എന്ന് വിളിക്കുന്നത്’.
സ്വാമികളുടെ പ്രസിദ്ധമായ ഒരു അമൃതവചനമാണിത്. ആത്മവിശ്വാസത്തിനപ്പുറം അന്യവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന യുവജനതയില്‍ പകരം വയ്‌ക്കാന്‍ മറ്റൊന്നില്ല എന്ന് ഊന്നി പറയുകയാണ് ഇവിടെ സ്വാമിജി. ദൂരെയെവിടെയോ ഇരിക്കുന്ന ഈശ്വരന്റെ ദയാവായ്പിനായുള്ള യാചനയല്ല വേണ്ടത്. അവനവനില്‍ തന്നെ ഹൃദയവാസിയായ ഈശ്വരനെ വിശ്വസിക്കുവാനും ആ ശക്തിവിശേഷത്തെ മുന്‍നിര്‍ത്തി പിന്‍തിരിഞ്ഞ് നോക്കാതെ മുന്നേറുവാനുമാണ് സ്വാമിജിയുടെ ആഹ്വാനം.
പുതിയ തലമുറയുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലൊന്ന് പഴമയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്. അഭിമാനബോധമുണര്‍ത്തും വിധം പഠിപ്പിക്കപ്പെടാത്തതിനാല്‍ മതം, ആചാരങ്ങള്‍, കീഴ്‌വഴക്കങ്ങള്‍ ഇവയെല്ലാമുണ്ടാക്കുന്ന ആശയകുഴപ്പങ്ങളില്‍പ്പെട്ടുഴലുകയാണ് നാം. ഈ പ്രഹേളികകള്‍ക്കെല്ലാം പരിഹാരം തേടി നാമുറ്റുനോക്കുന്നതോ പാശ്ചാത്യമായ ജീവിതശൈലിയിലേക്കുമാണ്. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ സ്വാമികളെ പറ്റി പറഞ്ഞു
‘ഭാരതത്തിന്റെ പഴമയില്‍ ഊന്നി നില്‍ക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുമ്പോള്‍, പ്രശ്‌നപരിഹാരത്തിന് സ്വാമിജി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം തികച്ചും ആധുനികമാണ്. വാസ്തവത്തിന്‍ പഴമയെയും പുതുമയെയും ബന്ധിപ്പിക്കുന്ന പാലമാണ് വിവേകാനന്ദന്‍’.
ഇതൊരു യാഥാര്‍ത്ഥ്യത്തിന്റെ നേര്‍കാഴ്ചയാണ്. നമ്മളില്‍ ചിലര്‍ അന്ധമായി ഭൂതകാല മഹിമയില്‍ അഭിരമിച്ച് വര്‍ത്തമാനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പരിശ്രമിക്കാതെ കേവലം പഴമയുടെ ആരാധകരായി തുടരുന്നു. മറ്റു ചിലരാവട്ടെ കഴിഞ്ഞുപോയ നാളുകളെ അജ്ഞാനത്തിന്റെ, ഇരുട്ടിന്റെ കാലഘട്ടമായി കണക്കാക്കി അതോര്‍മ്മിക്കാന്‍ പോലുമിഷ്ടപ്പെടാതെ ഭാവിയെ പറ്റിയുള്ള സങ്കല്‍പ്പ സ്വര്‍ഗ കവാടങ്ങള്‍ തേടിയലയുന്നു. ഇത് രണ്ടും ആപത്കരമാണ്. അന്ധമായ ദുരഭിമാനമാനമായിരുന്നില്ല ഭാരതത്തിന്റെ ഭൂതകാലത്തെ കുറിച്ച് സ്വാമികള്‍ക്കുണ്ടായിരുന്നത്. നമ്മുടെ പൂര്‍വ്വികള്‍ നേടിയെടുത്ത് ലോകോപകാരാര്‍ത്ഥം ചെയ്ത അനര്‍ഘസംഭാവനകളെ കുറിച്ച് ആത്മാഭിമാനത്തോടെ വര്‍ണ്ണിക്കുമ്പോഴും അടിമത്തത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകാനിടയാക്കിയ നമ്മുടെ കുറവുകളെ ചൂണ്ടികാണിക്കുമ്പോള്‍ ചാട്ടവാര്‍ പോലെ നിശിതമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പടിഞ്ഞാറിലേക്ക് കിഴക്കുനിന്നുണ്ടായ ആദ്യത്തെ ആക്രമണമായി, വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രഭാഷണത്തിനെയും അതിനെ തുടര്‍ന്നുള്ള അമേരിക്കയിലെയും യൂറോപ്പിലെയും പ്രസംഗ പര്യടനങ്ങളെയും ചരിത്രകാരന്മാര്‍ വിലയിരുത്തുമ്പോഴും ഈ രണ്ട് ദിശകളെയും സമന്വയിപ്പിച്ച മഹാത്മാവായിരുന്നു സ്വാമിജി.
‘പുറം ലോകവുമായി ബന്ധപ്പടാതെ നമുക്ക് ജീവിക്കാനാവില്ല. അങ്ങനെ ചെയ്യാമെന്ന് നിരൂപിച്ചത് നമ്മുടെ വിഡ്ഢിത്തമായിരുന്നു. അതിന് ആയിരം കൊല്ലത്തെ അടിമത്തം കൊണ്ട് നാം പിഴ നല്‍കി. മറ്റ് രാഷ്‌ട്രങ്ങളുവായി സ്വയം ഒത്തുനോക്കുവാന്‍, നമ്മുടെ ചുറ്റുപാടുമുള്ള സംഭവവികാസങ്ങള്‍ മനസ്സിലാക്കാന്‍ നാം ശ്രമിക്കാതിരുന്നതാണ് നമ്മുടെ അധഃപതന കാരണങ്ങളിലൊന്ന്. നാമതിനുള്ള ശിക്ഷ അനുഭവിച്ചു. ഇനി മേല്‍ ആ തെറ്റ് ആവര്‍ത്തിക്കരുത്’.
അസ്വതന്ത്രമായ ഭാരതത്തിന്റെ നയതന്ത്ര പ്രതിനിധിയായിട്ടാണ് സ്വാമിജി ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുത്തത്. അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘സൂര്യന് പ്രകാശിക്കാന്‍ പ്രമാണപത്രം വേണ്ട’ എന്നായിരുന്നു സംഘാടകരുടെ മറുപടി. ഇന്നത്തെ ഭാരതത്തിന്റെ ഭരണാധികാരികള്‍ മുന്‍കാലങ്ങളിലെ പോലെ റഷ്യയുടെയും അമേരിക്കയുടെയും സ്വരത്തില്‍ സംസാരിക്കാതെ, ഭാരതത്തിന്റെ സ്വത്വത്തിലൂന്നി നിന്നുകൊണ്ട് ലോകത്തോട് ആശയവിനിമയം ചെയ്യുമ്പോള്‍ മുമ്പെന്നത്തെകാളും ശ്രദ്ധിക്കപ്പെടുന്നു എന്നത് ഇന്നത്തെ ലോകക്രമത്തിലും നമുക്ക് നിരീക്ഷിക്കാം. ഭരണാധികാരികള്‍ക്ക് മാത്രമല്ല നമ്മുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വിശാല ലോകത്തിലെവിടെയും കടന്ന് ചെല്ലുന്ന ഓരോ യുവാവിനും യുവതിയ്‌ക്കും തന്റെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഭാരതത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാവാന്‍ കഴിയണം. അതിനുള്ള ആത്മവിശ്വാസവും ദൃഢതയും നാം നേടിയെടുക്കുക തന്നെ വേണം.
ഏത് വിധത്തിലുമുള്ള ദുര്‍ബലതയെയും അദ്ദേഹം എതിര്‍ത്തു ‘ദൗര്‍ബല്യം മരണമാണ്. ബലമാണ് ജീവിതം’ സ്വാമിജി പ്രഖ്യാപിച്ചു. ഭക്തരുടെ കണ്ണുനീര്‍ പൊഴിക്കുന്ന ദീനമായ ആലാപനങ്ങളെ അദ്ദേഹം അപലപിച്ചു. കര്‍ണ്ണമധുരമായ വാദ്യവൃന്ദങ്ങളും മൃദുല മോഹനമായ രാഗാലാപനങ്ങളുമല്ല, ദുന്ദുഭിയുടെയും ഡമരുവിന്റെയും രണഭേരിയുടെയും ശബ്ദമാണ് നമ്മുടെ കുട്ടികളുടെ കാതില്‍ പതിയേണ്ടത് എന്നദ്ദേഹം ശഠിച്ചു. അദ്ദേഹം ഉറക്കെയുറക്കെ പറഞ്ഞു. ‘പൗരുഷം, പൗരുഷം, പൗരുഷം അതാണിന്നാവിശ്യം’
പുതിയ ലോകത്തെ നയിക്കാന്‍ തയ്യാറെടുക്കുന്ന ഭാരതത്തിന്റെ യുവ കേസരികള്‍ക്ക് മുമ്പില്‍ വിവേകാനന്ദസ്വാമികള്‍ ജീവിതം കൊണ്ട് കാട്ടി കൊടുത്തൊരു രാജതന്ത്രമുണ്ട്. ആരോരുമറിയാതെ ലോക മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കപ്പല്‍ കയറിയ വിവേകാനന്ദസ്വാമികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ഭാരതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ലോകത്ത് ഒരു സംന്യാസിക്കും ലഭിക്കാത്ത വിധത്തിന്‍ സ്വീകരണമൊരുക്കിയാണ് ഒരു രാഷ്‌ട്രം മുഴുവന്‍ കാത്തിരുന്നത്. ഭാരതത്തിന്റെ സമൂഹ മനസ്സില്‍ ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന് പിന്നില്‍ സ്വാമിജിയുടെ തീക്ഷ്ണ ബുദ്ധിവൈഭവമാണ് പ്രവര്‍ത്തിച്ചത്. യൂറോപ്പിലും അമേരിക്കയിലും സ്വാമിജിയുടെ ദിഗ് വിജയത്തെ പറ്റി അതത് നാട്ടില്‍ പ്രസിദ്ധികരിച്ച പത്രകുറിപ്പുകള്‍ ശേഖരിച്ച് ഭാരതത്തിലെ തന്റെ ശിഷ്യന്മാര്‍ക്കയച്ചു കൊടുത്ത് അവയോരോന്നും ഇവിടത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാണ് സ്വാമിജി തന്റെ മടങ്ങിവരവിന് അന്തരീക്ഷമൊരുക്കിയത്. അങ്ങനെ ലഭിച്ച സ്വീകരണ സമ്മേളനങ്ങളിലാണ് സ്വാമിജി ഭാരത ജനതയെ ഉറക്കത്തില്‍ നിന്ന് തട്ടിയുണര്‍ത്തും വിധം സംസാരിച്ചത്. കൊളംബോ മുതല്‍ അല്‍മോറ വരെ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ സ്വാമിജി പ്രസരിപ്പിച്ച ഊര്‍ജ്ജമാണ് ഇന്നത്തെ ഉണരുന്ന ഭാരതത്തിന്റെ ദിശ നിശ്ചയിക്കുന്നത്. സ്വന്തം ലക്ഷ്യത്തിനായി സാമൂഹിക അന്തരീക്ഷമൊരുക്കാന്‍ സ്വാമിജി ശ്രദ്ധിച്ചതുപോലെ ഭാരതത്തിനനുകൂലമായ ആഖ്യാനങ്ങളെ യഥാസമയം പ്രചരിപ്പിച്ചു കൊണ്ട് നമ്മുടെ സാമൂഹിക മാധ്യമ സമയത്തെ വിനിയോഗിച്ച് ഭാരതത്തിന്റെ ദിഗ്വിജയത്തിന് ദിശ കാണിക്കാന്‍ ഭാരത യുവതയ്‌ക്ക് കഴിയണം. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ, അദ്ദേഹത്തിന്റെ വാക്കുകളെ സ്വന്തം ജീവിതത്തില്‍ ആശയമായി, ആദര്‍ശമായി സാക്ഷാത്കരിക്കുവാനാവട്ടെ ഓരോ ദേശീയ യുവജന ദിനവും.
ഇവിടെ കവി പി. കുഞ്ഞിരാമന്‍ നായര്‍ ഓരോ യുവാവിനെയും ഓര്‍മ്മിപ്പിക്കുകയാണ്, തന്റെ ജീവിത ശിലാ സൗധത്തിന്റെ അടിക്കല്ല് പാകുവാന്‍ ഓരോ പ്രഭാതത്തിലും സ്വാമിജി മുന്നോട്ട് വച്ച നല്ല ചിന്തകളെ പിന്തുടരുവാന്‍…
ഉണരുക! എഴുന്നേല്‍ക്കുക! ലക്ഷ്യപ്രാപ്തി വരെ മുന്നേറുക !
(വൃത്താന്തം എഡിറ്ററും ആര്‍എസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക