ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം വീണ്ടും മാറുമെന്ന് യുഎന്‍ ഗ്ലോബല്‍ ഇക്കണോമിക്സ് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ്.
2025ല്‍ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന നിക്ഷേപ വളര്‍ച്ചയും സ്വകാര്യമേഖലയിലെ ഉപഭോഗം വര്‍ധിച്ചതുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണം. അടുത്ത വര്‍ഷം ഭാരതത്തിന്റെ ജിഡിപി 6.8 ശതമാനമായി വളരുമെന്നും ഹമീദ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളര്‍ച്ച 2025ല്‍ 2.8 ശതമാനത്തില്‍ തുടരും. ഐക്യരാഷ്ട്രസഭയുടെ പ്രധാന റിപ്പോര്‍ട്ടായ വേള്‍ഡ് ഇക്കണോമിക്സ് സിറ്റുവേഷന് ആന്‍ഡ് പ്രോസ്പെക്റ്റ്സ് 2025 പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപ്പുവര്‍ഷം ദക്ഷിണേഷ്യയുടെ വളര്‍ച്ചയെ ഭാരതമാണ് നയിക്കുക. ജനസംഖ്യയിലുണ്ടാകുന്ന ഇടിവും വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കവും കാരണം ചൈനയുടെ വളര്‍ച്ച 2025ല്‍ 4.8 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവനങ്ങളിലും ചില ഉത്പന്ന വിഭാഗങ്ങളിലും പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സിലും ഇലക്ട്രോണിക്സിലുമുള്ള കയറ്റുമതി ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന് ആന്‍ഡ് പ്രോസ്പെക്റ്റ്സ് 2025 റിപ്പോര്‍ട്ട്.
ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. നിര്‍മാണ, സേവന മേഖലകളിലെ വികാസം സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക ഉത്പാദനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ആഗോളതലത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 2.8 ശതമാനത്തില്‍ തന്നെ തുടരുകയാണ്. അതേസമയം വികസിത സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിഞ്ഞ് 1.6 ശതമാനമായി. ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയുടെ ഈ വര്‍ഷത്തെ പ്രവചനം 0.1 ശതമാനം ഇടിഞ്ഞ് 4.8 ശതമാനത്തിലെത്തി, അടുത്ത വര്‍ഷം ഇത് 0.3 ശതമാനം ഇടിഞ്ഞ് 4.5 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ ഇടിഞ്ഞ് ഈ വര്‍ഷം 1.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 2.8 ശതമാനത്തില്‍ നിന്ന് 0.9 ശതമാനം ഇടിവ്. പാകിസ്ഥാനും ശ്രീലങ്കയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മിതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന്റെ ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ വര്‍ഷത്തെ 4.8 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 4.3 ശതമാനമായി നേരിയ തോതില്‍ കുറയുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതല്‍ 6 ശതമാനം വരെ പരിധിയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: