ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആപ്പ് സര്‍ക്കാര്‍ ദല്‍ഹിയില്‍ നടപ്പാക്കിയ വിവാദ മദ്യനയം വഴിയുണ്ടായ നഷ്ടം 2,026 കോടി രൂപയാണെന്ന് സിഎജി റിപ്പോര്‍ട്ട്. യാതൊരു സുതാര്യതയുമില്ലാതെ നടപ്പാക്കിയ മദ്യനയം ചിലര്‍ക്ക് നേട്ടമുണ്ടാക്കാനായിരുന്നുവെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ട്. ഫെബ്രു. അഞ്ചാം തീയതി വോട്ടെടുപ്പ് നടക്കാനിരിക്കെ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് കേജ്‌രിവാളിനും ആപ്പിനും വലിയ തിരിച്ചടിയായി.
മദ്യത്തിന്റെ വില നിശ്ചയിച്ചതിലും ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതിലും നിയമലംഘനങ്ങള്‍ ഒഴിവാക്കി നല്‍കിയതിലും വലിയ അഴിമതിയാണുണ്ടായതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ലഫ്. ഗവര്‍ണറുടേയും ക്യാബിനറ്റിന്റെയും അനുമതിയില്ലാതെയാണ് മദ്യനയം പരിഷ്‌കരിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കാലാവധി കഴിഞ്ഞ റീട്ടെയില്‍ മദ്യ ലൈസന്‍സുകള്‍ റീടെണ്ടര്‍ ചെയ്യാതിരുന്നതു വഴി 890 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായിട്ടുണ്ട്. സോണല്‍ ലൈസന്‍സുകള്‍ക്ക് നല്‍കിയ ഇളവുകള്‍ മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 941 കോടി രൂപയാണെന്നും സിഎജി കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആപ്പ് സര്‍ക്കാര്‍ പ്രതിരോധത്തിലായി.
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ദല്‍ഹിയിലെ ആപ്പ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചു.
പൊതുജനത്തിന്റെ പണം നഷ്ടമാക്കി ആര്‍ക്കാണ് കേജ്‌രിവാള്‍ ലാഭമുണ്ടാക്കി നല്‍കിയതെന്ന് ദല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഖജനാവിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ മദ്യനയ അഴിമതി ആപ്പിന്റെ ഭരണനേട്ടമാണെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ദല്‍ഹിയിലെ വൃത്തിയെപ്പറ്റി പറഞ്ഞ് അഴിമതിയില്‍ അവസാനിച്ച പാര്‍ട്ടിയാണ് ആപ്പ്. സ്‌കൂളുകള്‍ തുറക്കുമെന്ന് പറഞ്ഞ അവര്‍ തുറന്നത് മദ്യക്കടകളാണ്. സദ്ഭരണം വാഗ്ദാനം നല്‍കിയ അവര്‍ അഴിമതി ഭരണം നടപ്പാക്കി. ആപ്പിന്റെ പത്തുവര്‍ഷം അഴിമതികളും നുണകളും നിറഞ്ഞതായിരുന്നു. അവരുടെ എട്ട് മന്ത്രിമാരും 15 എംഎല്‍എമാരും ഒരു എംപിയും അഴിമതിക്കേസുകളില്‍ ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കം അഴിമതിക്കേസുകളില്‍ ജയിലഴിക്കുള്ളിലായി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും അവരെ രാഷ്‌ട്രീയ രംഗത്തുനിന്നും പറഞ്ഞുവിടേണ്ടതുണ്ടെന്നും അനുരാഗ്ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക