മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കം. പുരുഷ, വനിതാ സിംഗിള്‍സ് പോരാട്ടങ്ങളോടെയാണ് മത്സരം ആരംഭിക്കുക. ചൊവ്വാഴ്ച മുതലാണ് ഇരുവിഭാഗങ്ങളിലെയും ഡബിള്‍സ് മത്സരങ്ങള്‍. മിക്‌സഡ് ഡബിള്‍സ് മത്സരക്രമം തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക ഇന്ന് ആദ്യ റൗണ്ടില്‍ അമേരിക്കയുടെ സ്ലൊവെയ്ന്‍ സ്റ്റെഫെന്‍സിനെ നേരിടും. ഇന്നത്തെ പ്രധാന പോരാട്ടവും ഇതുതന്നെ. ടൂര്‍ണമെന്റിലെ ഒന്നാം സീഡ് താരമാണ് ലോക ഒന്നാം നമ്പര്‍ വനിതാ സിംഗിള്‍സ് താരമായ സബലെങ്ക. സീഡില്ലാത്താരമായാണ് എതിരാളി സ്റ്റെഫെന്‍സ് മത്സരിക്കാനിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ 79-ാം സ്ഥാനത്താണ് ഈ അമേരിക്കക്കാരി.
മറ്റ് വനിതാ സിംഗിള്‍സ് പോരുകളില്‍ ചൈനയുടെ ക്വിന്‍വെന്‍ ഷെങ് ഇന്ന് ഇറങ്ങുന്നുണ്ട്. താരതമ്യേന ദുര്‍ബലയായ റൊമേനിയന്‍ താരം അന്‍കാ ടൊഡോണി ആണ് എതിരാളി.
പുരുഷ താരങ്ങളില്‍ ഇന്നിറങ്ങുന്ന പ്രധാന താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് ആണ്. ലോക റാങ്ങിങ്ങില്‍ രണ്ടാമതുള്ള സ്വരേവ് ടൂര്‍ണമെന്റില്‍ രണ്ടാം സീഡ് താരമായാണ് മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ ഫ്രാന്‍സിന്റെ ലൂകാസ് പൗവില്ലി ആണ് എതിരാളി.
ഭാരത താരം സുമിത് നാഗലും ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ വര്‍ഷം കാഴ്‌ച്ചവച്ച അട്ടിമറി പ്രകടനം ആവര്‍ത്തിക്കുമോയെന്ന് കാത്തിരിക്കുകയാണ് ഭാരത ആരാധകര്‍. 26-ാം സീഡായി ഇറങ്ങുന്ന ചെക്ക് താരം ടോമസ് മഷാക്ക് ആണ് സുമിത്തിന്റെ എതിരാളി.
ആകെ 32 മത്സരങ്ങളാണ് ഇന്ന് നടക്കുക. പുരുഷ സിംഗിള്‍സിലും വനിതാ സിംഗിള്‍സിലും 16 വീതം. ഭാരത സമയം രാവിലെ 5.30ന് മത്സരങ്ങള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക