Football

പുതുവര്‍ഷത്തിലെ ആദ്യ വാശിപ്പോര്; എല്‍ ക്ലാസിക്കോ ഫൈനല്‍ ഇന്ന്

Published by

ജിദ്ദ: പുതുവര്‍ഷത്തില്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. റയല്‍ മാഡ്രിഡും എഫ്‌സി ബാഴ്‌സിലോണയും സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടപ്പോരിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 12.30ന് സൗദിയിലെ ജിദ്ദയില്‍ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം.

സീസണില്‍ സ്പാനിഷ് ലാ ലിഗയിലെ ആദ്യ റൗണ്ട് എല്‍ ക്ലാസിക്കോ ഒക്ടബോബറിലായിരുന്നു. അന്ന് എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ നിലവിലെ ലാ ലിഗ ജേതാക്കള്‍ കൂടിയായ റയലിനെ മുട്ടുകുത്തിച്ചത്. ഒരിടവേളയ്‌ക്ക് ശേശം ഇക്കുറി ലാ ലിഗ പോയിന്റ് പട്ടികയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്‌ച്ചയും കണ്ടിരുന്നു. കഴിഞ്ഞ മാസമാണ് ഇവര്‍ക്കിടയിലേക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് കയറിവന്നത്. സീസണില്‍ ആദ്യമായി റയല്‍ മുന്നിലെത്തിയിരിക്കുകയാണ്. ബാഴ്‌സ അത്‌ലറ്റിക്കോയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ഫൈനല്‍ പോരാട്ടം എന്ന പ്രത്യേകതയുണ്ട്. തുടക്കത്തിലെ മങ്ങിയ പ്രകടനത്തിന് ശേഷം റയല്‍ മുന്നേറിവരുന്ന കാഴ്‌ച്ചയാണ് കാണുന്നത്. അതിന്റെ ഒടുവിലത്തെ പ്രകടനമാണ് സെമിയില്‍ മയോര്‍ക്കയ്‌ക്കെതിരെ 3-0ന് നേടിയ വിജയം.

കരുത്തരായ അത്‌ലറ്റിക് ബില്‍ബോവോയെ എതിരില്ലാത്ത രണ്ട് ഗോളിന് സെമിയില്‍ കീഴടക്കിയാണ് ബാഴ്‌സയുടെ ഫൈനലിലേക്കുള്ള വരവ്. ലാ ലിഗയില്‍ പത്ത് റൗണ്ട് തീരും വരെ മികച്ച മുന്നേറ്റം നടത്തിവന്ന ബാഴ്‌സ കഴിഞ്ഞ ഏതാനും മത്സരങ്ങളായി മങ്ങിയ നിലയിലായിരുന്നു. അതിനെ മറികടക്കുന്ന കാഴ്‌ച്ചയാണ് ബില്‍ബാവോയ്‌ക്കെതിരെ കണ്ടത്. ഇന്നത്തെ മത്സരത്തിലൂടെ ബാഴ്‌സയ്‌ക്ക് മടങ്ങിവരവിനുള്ള സുവര്‍ണാവസരത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by