Kerala

നെയ്യാറ്റിന്‍കരയില്‍ സമാധി വിവാദം; പോസ്റ്റ്‌മോര്‍ട്ടത്തിന് പൊലീസ്, സമാധിയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍, കൊലപാതകമെന്ന നാട്ടുകാര്‍

ചുമട്ടു തൊഴിലാളിയിരുന്ന ഗോപന്‍ 2016ലാണ് വീടിന് സമീപം ക്ഷേത്രം സ്ഥാപിക്കുന്നത്

Published by

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനുളള ഒരുക്കത്തിലാണ്് പൊലീസ്. സന്യാസിയായ പിതാവ് സമാധിയായെന്നാണ് മക്കള്‍ പറയുന്നത്.

നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ സമാധിയായെന്ന് അറിയിച്ചുളള പോസ്റ്റുകള്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് മക്കള്‍ പതിച്ചത്. ഇതിന് മുമ്പ് രണ്ട് ആണ്‍ മക്കള്‍ ചേര്‍ന്ന് മൃതദേഹം സമാധിയിരുത്തി അടക്കം ചെയ്തിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതിന് ശേഷം കുഴിമാടത്തിന് മുകളില്‍ സിമന്റ് കൊണ്ട് ഒരു തിട്ട കെട്ടുകയും ചെയ്തു.

പോസ്റ്റര്‍ കണ്ടതോടെ മരണം കൊലപാതകമെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ പൊലീസ് ഒരുങ്ങുന്നത്.നിലവില്‍ ആളെ കാണാതായതിനാണ് കേസെടുത്തിട്ടുളളത്.

എന്നാല്‍, അച്ഛന്‍ സമാധിയായശേഷം പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകന്‍ പറഞ്ഞു. പകല്‍ സമയത്താണ് ഇതെല്ലാം ചെയ്തത്. സുഗന്ധ ദ്രവ്യങ്ങളും ഭസ്മവും കുങ്കുമവും കുഴിയില്‍ മൃതദേഹത്തിന്റെ നെഞ്ച് വരെ ഇട്ട ശേഷമാണ് മറവ് ചെയ്തത്. സമാധിക്ക് മുമ്പ് പിതാവ് തന്നെ അനുഗ്രഹിച്ചെന്നും ശരീരത്തിലെ വിവിധ ചക്രങ്ങള്‍ ഉണര്‍ത്തിയാണ് സമാധി പ്രാപിച്ചതെന്നും മകന്‍ പറഞ്ഞു.

ചുമട്ടു തൊഴിലാളിയിരുന്ന ഗോപന്‍ 2016ലാണ് വീടിന് സമീപം ക്ഷേത്രം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷം നാട്ടുകാരുമായി ചേര്‍ന്ന് ഉത്സവം നടത്തി. പിന്നീട് നാട്ടുകാരുമായി തെറ്റി. ക്ഷേത്രവും കുറെ കാലം അടച്ചിട്ടിരുന്നു. പിന്നീട് മകനാണ് പൂജ ചെയ്ത് വന്നത്. രാത്രി കാലങ്ങളിലും പൂജകളുണ്ടായിരുന്നു.നാട്ടുകാര്‍ ക്ഷേത്രത്തില്‍ പോയിരുന്നില്ല.

ഇതിനിടെ ഗോപന്‍ സ്വാമി കിടപ്പിലായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം, സമാധിക്ക് സമയമായെന്നും ക്ഷേത്രത്തിന് സമീപമുളളസ്ഥലത്തേക്ക് എടുത്ത് കൊണ്ടു പോകാനും പറഞ്ഞതിനെ തുടര്‍ന്ന് അങ്ങനെ ചെയ്യുകയായിരുന്നുവെന്നാണ് മക്കളും ഭാര്യയും പറയുന്നത്.

എന്നാല്‍, സമാധിയായെന്ന് പറഞ്ഞ് ക്ഷേത്രത്തിന് പ്രശസ്തി ഉണ്ടാക്കി വരുമാനമാണ് വീട്ടുകാരുടെ ലക്ഷ്യമെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം, സമാധിയാകുമെന്ന് ഗോപന്‍ സ്വാമി പറഞ്ഞിട്ടുണ്ടെന്ന് വാര്‍ഡ് അംഗം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക