കൊച്ചി: വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തര ഉപയോഗത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കി. 120 കോടി രൂപ അടിയന്തരമായി വിനിയോഗിക്കാം. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യോമസേന നടത്തിയ എയര്‍ലിഫ്റ്റുമായി ബന്ധപ്പെട്ടു കുടിശിക അടയ്‌ക്കാന്‍ സാവകാശം അനുവദിക്കുന്ന കാര്യം ആലോചിക്കണമെന്ന് വയനാട് ദുരന്തം പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രം വ്യവസ്ഥകളില്‍ ഇളവു നല്‍കിയെന്ന് അറിയിച്ചത്. 120 കോടി ഉപയോഗിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്ക് ചട്ടം 20 അനുസരിച്ച് അധികാരമുണ്ടെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഈ മാസം രണ്ടിന് കത്തു നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
2016 മുതല്‍ എയര്‍ലിഫ്റ്റ് ഇനത്തിലെ കുടിശിക ഒഴിവാക്കിയാല്‍ 120 കോടി രൂപ കൂടി ലഭ്യമാകുമെന്നും ഇതുവഴി 181 കോടിയോളം രൂപ ചൂരല്‍മല- മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഇക്കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ഇളവ് അനുവദിച്ച് കേന്ദ്രം കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക