കോട്ടയം: അനുയോജ്യമായ വിവാഹാലോചന പ്രൊഫൈല്‍ നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് പ്രമുഖ ദിനപത്രത്തില്‍ വിവാഹ അഭ്യര്‍ഥനകള്‍ ക്ഷണിച്ച് പരസ്യം നല്‍കി. ഇതിനുശേഷം ദിനപത്രത്തിന്റെ ഭാഗമായ എം4മാരി ഡോട്ട് കോമില്‍നിന്ന് ബന്ധപ്പെട്ടതിനേത്തുടര്‍ന്ന് 25,960 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തു. തന്റെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ഒരു വധുവിന്റെ പ്രൊഫൈല്‍ ലഭ്യമാക്കുമെന്ന ഉറപ്പിനേത്തുടര്‍ന്നാണിത്. എന്നാല്‍ അയച്ച പ്രൊഫൈലുകള്‍ ഒന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല. പൊരുത്തപ്പെടുന്ന പ്രൊഫൈലുകള്‍ അയയ്‌ക്കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും അയച്ചുനല്‍കിയില്ല. 2024 ജൂണ്‍ 19-ന് പ്ലാനിന്റെ കാലാവധി തീര്‍ന്നെന്നും പ്ലാന്‍ പുതുക്കാന്‍ വീണ്ടും പണം വേണമെന്നും അറിയിച്ചതിനേത്തുടര്‍ന്നാണ്് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
നല്‍കിയ പ്രൊഫൈലുകള്‍ പരാതിക്കാരന്റെ പ്രൊഫൈലിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതില്‍ മാട്രിമോണിയല്‍ സൈറ്റ് പരാജയപ്പെട്ടതായി കമ്മീഷന്‍ കണ്ടെത്തി. സേവനത്തിന്റെ പോരായ്മയാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നിബന്ധനകളെക്കുറിച്ചും വ്യവസ്ഥയെക്കുറിച്ചും പുതുക്കല്‍ നയത്തെക്കുറിച്ചും പൂര്‍ണമായി അറിഞ്ഞതിനാലും എന്റോള്‍മെന്റ് സമയത്ത് പരാതിക്കാരന് എല്ലാ വിവരങ്ങളും നല്‍കിയിരുന്നതിനാലും സേവനത്തിന്റെ കുറവില്ലെന്ന് എം4മാരി ഡോട്ട് കോം വാദിച്ചു.
പരാതിക്കാരനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അദ്ദേഹത്തില്‍നിന്ന് ഈടാക്കിയ 25960 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും എം4മാരി.കോം നല്‍കണമെന്ന് അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളായുമുള്ള ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക