Kerala

ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം; കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി കോടതി

ഇന്നലെയാണ് എന്‍എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതി ചേര്‍ത്തത്

Published by

കല്‍പ്പറ്റ : ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിര്‍ദ്ദേശം നല്‍കി കോടതി. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.

ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.  കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

ഇന്നലെയാണ് എന്‍എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതി ചേര്‍ത്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്നുള്ള വിവരവും ലഭിച്ചിരുന്നു.

എന്നാല്‍ ഐസി ബാലകൃഷ്ണന്‍ ഒളിവിലല്ലെന്നും പോലീസ് സുരക്ഷയുള്ള ആളാണ് എംഎല്‍എയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. പോലീസ് ഇതുവരെ അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by