തൊടുപുഴ : ഉറവപ്പാറ ക്ഷേത്രത്തിനു സമീപമുള്ള പറമ്പിൽ തീപിടുത്തമുണ്ടായി. വ്യഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാർ തീ കെടുത്തുവാൻ നോക്കിയെങ്കിലും കനത്ത കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ സഹായത്തിനായി അഗ്നിരക്ഷാ സേനയെ വിളിച്ചറിയിച്ചു.
ഉടൻ തന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി. തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനം പോലും എത്തിപ്പെടാൻ പറ്റാത്തതിനാൽ ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നടന്നാണ് തീപിടുത്തത്തിന്റെ അടുത്തെത്തിയത്.
തുടർന്ന് ഫയർ ബീറ്ററും മറ്റും ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ കെടുത്തുകയായിരുന്നു. കനത്ത കാറ്റിൽ തീ ആളിപ്പടർന്നപ്പോഴും അതിനെ വകവെക്കാതെയായിരുന്നു സേനയുടെ പ്രവർത്തനം. സമീപസ്ഥലത്ത് വീടുകൾ കുറച്ച് ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ സംരക്ഷിക്കാൻ അഗ്നി രക്ഷാ സേനക്ക് കഴിഞ്ഞു.
തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം സേനയുടെ വാഹനം എത്തിച്ചേരാൻ പറ്റിയില്ലെങ്കിൽ തീ തല്ലിക്കെടുത്തുന്നത് മാത്രമാണ് പോംവഴി. പലപ്പോഴും ആളുകൾ അശ്രദ്ധമായി തീ ഇടുന്നത് മൂലമാണ് അപകടം വർദ്ധിപ്പിക്കുന്നത്.
സീനിയർ ഫയർ ഓഫീസർ എം എൻ വിനോദ് കുമാർ, ഫയർ ഓഫീസർമാരായ അനൂപ് പി എൻ, ജോബി കെ ജോർജ്, ബിബിൻ എ തങ്കപ്പൻ, അജയകുമാർ എൻ എസ്, സച്ചിൻ സാജൻ, ജസ്റ്റിൻ ജോയി ഇല്ലിക്കൽ, എം പി ബെന്നി എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക