Entertainment

അതിമോഹമാണ് മോനെ എന്ന സിനിമാ ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത്; മോഹൻലാലിനോട് സുരേഷ് ​ഗോപി

Published by

രാജി വെച്ചൊഴിഞ്ഞ അമ്മ സംഘടന ഭാരവാഹികൾ തിരിച്ചെത്തി സംഘടനയെ മുന്നോട്ട് നയിക്കണമെന്ന് നടനും എംപിയുമായ സുരേഷ് ​ഗോപി. അമ്മ കുടുംബ സം​ഗമ വേദിയിൽ സംസാരിക്കുകയായിരുന്നു താരം. സംഘടന ക‌‌ടന്ന് വന്ന പാതകളെക്കുറിച്ചും നിർണായക ഘട്ടങ്ങളെക്കുറിച്ചും സുരേഷ് ​ഗോപി വേദിയിൽ സംസാരിച്ചു. അമ്മ സംഘടനയുടെ ഖ്യാതി ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അതാണ് ഇന്നത്തെ വീഴ്‌ച്ചയ്‌ക്ക് കാരണമെന്നും താരം വിമർശിച്ചു

94 മുതൽ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നമുക്ക് നാട്ടാൻ കഴിഞ്ഞ വെന്നിക്കൊടിയുണ്ട്. അത് പാറി പറക്കുന്നതിൽ പലർക്കും എതിർപ്പുണ്ടെന്ന് സുരേഷ് ​ഗോപി വാദിക്കുന്നു. ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് മാറി നിന്നിട്ടുണ്ട്. മാറി നിന്നെന്നേയുള്ളൂ മാറി വ്യതിചലിച്ചിട്ടില്ല.

ഈ സംഘടനയ്‌ക്കെതിരായി ഒരു അക്ഷരം വൈകാരികമായി പോലും ഉരിയാടിയിട്ടില്ല. ഈ സംഘടനയുടെ അന്തസ് തകരുന്ന തരത്തിൽ ഓരോ കാലത്തുണ്ടായപ്പോഴും പിന്തുണ നൽകുന്ന രീതിയിൽ പുറത്ത് നിന്ന് വ​ർത്തിച്ചു. ഞാൻ ഈ സംഘടനയിലെ ഒന്നാം നമ്പർ അം​ഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ പെരുമയായി ഞാൻ കരുതുന്നത്

രൂപീകരണഘട്ടത്തിൽ എല്ലാവരോടും ചേർന്ന് പ്രവർത്തിച്ചതാണ്. എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണം എന്ന് ആ​ഗ്രഹിച്ചതിന്റെ കാരണം മോഹൻലാൽ എന്തെങ്കിലും വാ​ഗ്ദാനം തരുമെന്ന് മോഹിച്ച് പോയി. പക്ഷെ അത് അതിമോഹമാണ് മോനെ എന്ന സിനിമാ ഡയലോ​ഗ് പറഞ്ഞ് ഒതുക്കി കളയരുത്.

ആറ് മാസം കൊണ്ട് നമ്മളൊക്കെ ഹൃദയം കാെണ്ട് വോ‌ട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

അമ്മ എന്ന പേര് സംഘടനയ്‌ക്ക് നൽകിയത് സ്വർ​ഗീയനായ മുരളിയാണ്. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ.എം.എം.എ എന്ന പേര് അവൻമാരുടെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് സംഘടന അമ്മയാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് അമ്മ പ്രസിഡന്റ് സ്ഥാനത്തിൽ നിന്നും മോഹൻലാൽ രാജി വെച്ചത്. സംഘടനയുടെ ഭാരവാ​ഹികൾക്ക് നേരെയുൾപ്പെടെ ആരോപണം വന്നിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക