തിരുവനന്തപുരം: കാടിറങ്ങി ചരിത്രം കുറിച്ച പത്തനംതിട്ട വടശ്ശേരിക്കര എംആര്‍എസ് സ്കൂളിലെ സുഭീഷിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സ്കൂള്‍ കലോത്സവം. ഉള്‍വനങ്ങളില്‍ അലഞ്ഞുതിരിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍ നിന്ന് ആദ്യമായാണ് ഒരുവിദ്യാര്‍ത്ഥി സ്കൂള്‍ കലോത്സവത്തിനെത്തുന്നത്.
പ്രകൃതിയെ സംരക്ഷിക്കണമെന്ന ആശയം മുന്നോട്ടുവച്ച സൈറന്‍ എന്ന നാടകത്തില്‍ പക്ഷിയായും സ്കൂള്‍ കുട്ടിയായും പ്രകൃതിയുമൊക്കെയായി ഒന്നലധികം വേഷത്തിലാണ് സുഭീഷ് അരങ്ങിലെത്തിയത്. മലമ്പണ്ടാര വിഭാഗക്കാരനായ സുഭീഷ് കലോത്സവത്തിനെത്തുന്ന വാര്‍ത്ത ജന്മഭൂമി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സുഭീഷിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാരായ വി. ശിവന് കുട്ടിയും ജി.ആര്.അനിലും ചേര്‍ന്ന് സുഭീഷിനെ ചേര്‍ത്തുനിര്‍ത്തി. സുഭീഷിനെയും ഒപ്പം എത്തിയ നാടക സംഘത്തെയും അധ്യാപകരെയും അഭിനന്ദിച്ചു. സുഭീഷിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാനസമിതി അംഗം പൂന്തുറ ശ്രീകുമാര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ തുടങ്ങിയവരും അഭിനന്ദിച്ചു.
പത്തനംതിട്ട ളാഹയില്‍ മോഹനന്റെയും സുമിത്രയുടെയും മകനായ സുഭീഷ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സുഭീഷിനെ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആര്.അനിലും അഭിനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: