ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള പൂര്‍ണ അധികാരം ചാന്‍സലറുടെ കൈകളിലേക്ക്. വിസിമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമായി യുജിസി പുറത്തിറക്കിയ പരിഷ്കരിച്ച ചട്ടങ്ങളുടെ കരടിലാണ് ഈ നിര്‍ദേശം.
കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് ഈ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളെ യുജിസി പദ്ധതികളില്‍ ഉള്‍പ്പെടുത്തില്ല. വിസി നിയമനവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍ക്കെതിരെ ഗവര്‍ണറും ചാന്‍സലറുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന് പരസ്യമായി രംഗത്ത് എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്.
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയര്‍മാനും സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെയും നിര്‍ദേശിക്കാം. സെര്‍ച്ച് കമ്മിറ്റിക്ക് വിസി സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്ഷത്തേയ്ക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. പൊതുഭരണ രംഗത്ത് ഉള്‍പ്പടെ കഴിവ് തെളിയിച്ചവരെയും സെര്‍ച്ച് കമ്മിറ്റിക്ക് വിസി സ്ഥാനത്തേക്ക് പരിഗണിക്കാം.
കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി പത്ത് ശതമാനം അദ്ധ്യാപകരെ നിയമിക്കാമെന്ന 2018ലെ മാനദണ്ഡം കരടില്‍ ഒഴിവാക്കിയിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലുള്ള അദ്ധ്യാപക നിയമനങ്ങള്‍ പരമാവധി ആറ് മാസത്തേക്ക് മാത്രമെ നടത്താവൂ. സ്ഥിരം നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ കരാര്‍ നിയമനങ്ങള്‍ക്കും ബാധകമാണ്. കരാര്‍ അദ്ധ്യാപകര്‍ക്കും സ്ഥിരം അദ്ധ്യാപകര്‍ക്ക് നല്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കണം. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് എന്ന നിലയിലെ നിയമനം പത്ത് ശതമാനത്തില്‍ കവിയരുത്. ബിരുദവും ബിരുദാനന്തര വിഷയവും മറ്റ് വിഷയങ്ങളിലാണെങ്കിലും യുജിസി നെറ്റ് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനിയമനം നടത്താമെന്നും ചട്ടങ്ങളുടെ കരടില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: