അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങള്‍ ജനുവരി 11 ന് ആരംഭിക്കും.
രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടത്തിയതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ക്ഷേത്രം ട്രസ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്ന് ദിവസം ശ്രീരാമരാഗ് സേവ ആസൂത്രണം ചെയ്തിട്ടുണ്ട്. അന്ന് വിവിധ കലാകാരന്മാര്‍ ശ്രികോവിലിന് സമീപമുള്ള മണ്ഡപത്തില്‍ വച്ച് അവരുടെ കല ഭഗവാനായി സമര്‍പ്പിക്കും.
ജനുവരി 11 ന് രാവിലെ 11 മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ലയ്‌ക്ക് അഭിഷേകം നിര്‍വഹിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം അംഗത് തിലയില്‍ നടക്കുന്ന സംസ്‌കാരിക ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ഉഷാ മങ്കേഷ്‌കര്‍, മയൂരേഷ് പൈ എന്നിവരുടെ സംഗീത പരിപാടിയോടെയാകും ആഘോഷങ്ങള്‍ക്ക് തുടക്കമിടുക. തുടര്‍ന്ന് സാഹിത്യ നഹര്‍, സന്തോഷ് നഹര്‍ എന്നിവരുടെ സിത്താര്‍, വയലിന്‍ കച്ചേരി. തുടര്‍ന്ന് ആനന്ദ ശങ്കര്‍ ഭരതനാട്യം അവതരിപ്പിക്കും.
12 ന് ശൈലേഷ് ശ്രീവാസ്തവ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, കാലാപാനി കോംകളിയുടെ രാം ഭജന്‍, ഗ്രാമി അവാര്‍ഡ് ജേതാവ് രാകേഷ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ പാരായണം എന്നിവ നടക്കും. അവസാന ദിനമായ 13 ന് ഷോവന നാരായണന്റെ കഥക് അവതരണവും അനുരാധ പോഡ്‌വാള്‍, കവി കുമാര്‍ വിശ്വാസ് എന്നിവരുടെ പരിപാടികളും ഉണ്ടായിരിക്കും. ഋഗ്വേദത്തിലെ 40-ാം അധ്യായത്തിന്റെ പാരായണത്തോടെ 1,975 വഴിപാടുകള്‍ ആഴിയില്‍ സമര്‍പ്പിച്ചും ആഘോഷം ആരംഭിക്കും. ഹനുമാന്‍ ചാലിസ, ആദിത്യ ഹൃദയ സ്തോത്രം എന്നിവയ്‌ക്ക് പുറമെ പ്രാണപ്രതിഷ്ഠാ വാര്‍ഷിക ദ്വാദശിയില്‍ 6.6 ലക്ഷം തവണ ശ്രീരാമമന്ത്രം ജപിക്കും. അതേസമയം വാര്‍ഷികാഘോഷ ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയും സമീപ പ്രദേശങ്ങളിലേയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: