India

തലയുയര്‍ത്തി ലോകത്തിനു മുമ്പില്‍ ഭാരതം: ആകാശപ്പാതയിലൂടെ ട്രെയിന്‍; അന്തിമ പരിശോധന ഇന്ന്

Published by

ശ്രീനഗര്‍: ലോകത്തിനു മുമ്പില്‍ ഭാരതം വീണ്ടും തലയുയര്‍ത്തുന്നു, ഈഫല്‍ ഗോപുരത്തെക്കാള്‍ ഉയരത്തില്‍ പണിതുയര്‍ത്തിയ റെയില്‍വെപ്പാളമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.പാളത്തിന്റെ അന്തിമ പരിശോധന ഇന്നു നടക്കുമെന്നാണ് സൂചന. അതിനു ശേഷം ഉദ്ഘാടന തീയതി തീരുമാനിക്കും.

ജമ്മുകശ്മീരില്‍ ചെനാബ് നദിക്കു കുറുകെ ഉരുക്കിലും കോണ്‍ക്രീറ്റിലും പണിത പാലത്തിന് 359 മീറ്റര്‍ (1178 അടി) ഉയരമുണ്ട്. ജമ്മു റിയാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടെയാണ് പാലവും റെയില്‍വെ ട്രാക്കും. പാലം 2022 ആഗസ്തിലാണ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ഇരുവശവും നടപ്പാതകളും നടുക്കു റെയില്‍പ്പാളങ്ങളുമാണ്. പാലത്തിന് 1315 മീറ്റര്‍ (4314 അടി) നീളവും 650 മീറ്റര്‍ നീളമുള്ള വയഡക്ടുമുണ്ട്. പാലമുറപ്പിച്ച ആര്‍ച്ചിന്റെ വലുപ്പം 467 മീറ്റര്‍ (1532 അടി). നീളം 480 മീറ്റര്‍ (1570 അടി).

ലോകത്തെ ഏറ്റവും വലിയ ആര്‍ച്ചുപാലം, ലോകത്തെ ഏറ്റവും ഉയരത്തിലുള്ള 16-ാമത്തെയാണ്. ഏറ്റവും നീളമുള്ള 11-ാം ആര്‍ച്ചുപാലവും. ഉദ്ധംപൂര്‍ ബാരാമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയില്‍വെ റൂട്ട്. തുരങ്കങ്ങളുടെ മൊത്തം ദൂരം 63 കി.മീ. പാലങ്ങളുടെ നീളം ഏഴരക്കിലോമീറ്റര്‍. ഭൂകമ്പങ്ങളെയും ഭീകരാക്രമണങ്ങളെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ് പാലം. ഫ്രാന്‍സിലെ ഈഫല്‍ ഗോപുരത്തെക്കാള്‍ 35 മീറ്റര്‍ കൂടുതലാണ് ഉയരം. ചെലവ് 35,000 കോടി രൂപയാണ്.

പാളത്തിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിന്റെ അങ്ങേയറ്റം മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കപ്പെടും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by