ന്യൂദല്‍ഹി: കാനഡയില്‍ ജസ്റ്റിന് ട്രൂഡോ രാജിവെച്ചതോടെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യയില്‍ വേരുകളുള്ള അനിത ആനന്ദ് വരാന്‍ കൂടുതല്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് ചേക്കേറിയ ഡോക്ടര്‍ ദമ്പതികളായ സരോജ് വി റാം, എസ്. വി. ആനന്ദ് എന്നിവരുടെ മകളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള ആനന്ദ് സര്‍ജനാണ്. പഞ്ചാബില്‍ നിന്നുള്ള സരോജ് വി.റാം അനസ്തീറ്റിസ്റ്റ് ആണ്. അനിത ആനന്ദ് ജനിച്ചത് കാനഡയിലെ നോവ സ്കോട്ടിയയിലെ കെന്റ് വില്ലെ എന്ന സ്ഥലത്താണ്.
ട്രൂഡോയുടെ പിന്‍ഗാമിയാകാന്‍ കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് അനിത് ആനന്ദിനാണ്. 57 കാരിയായ അനിത ആനന്ദ് നിയമം പഠിക്കുകയും പിന്നീട് ടൊറന്റോ സര്‍വ്വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. നേരത്തെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന് കയ്യടി നേടിയിരുന്നു. അന്ന് റഷ്യ ഉക്രൈന് യുദ്ധത്തില്‍ ഉക്രൈന് പിന്തുണപ്രഖ്യാപിച്ചും കാനഡ സേനയ്ക്കുള്ളില്‍ ഉണ്ടായ ലൈംഗികവിവാദം പരിഹരിക്കുകയും ചെയ്ത മിടുക്കിയാണ്. പിന്നീട് കാനഡ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ ഗതാഗത മന്ത്രിയും ആഭ്യന്തര വ്യാപാരമന്ത്രിയും ആയി.
മോദി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്ന ആളല്ല അനിത ആനന്ദ്. അതിനാല്‍ ഭാവിയില്‍ കാനഡയുമായുള്ള വിദേശകാര്യബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് തന്നെയാണ് ഇന്ത്യയുടെ വിശ്വാസം.
ഇന്ത്യയില്‍ വേരുകള്‍ ഉള്ള വ്യക്തിയായതിനാല്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ കൂടി അനിത കണക്കിലെടുത്തേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നും പഞ്ചാബിനെ അടര്‍ത്തിയെടുത്ത് പ്രത്യേക ഖലിസ്ഥാന്‍ രാജ്യമുണ്ടാക്കണമെന്ന ഖലിസ്ഥാന്‍ വാദികളുടെ നിലപാട് അനിത് ആനന്ദിന് കൃത്യമായി തിരിച്ചറിയാല്‍ സാധിച്ചേക്കും. നിറയെ പ്രതീക്ഷകളാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനുള്ളത്.
ഇന്ത്യയുടെ കണ്ണിലെ കരടായ ജസ്റ്റിന് ട്രൂഡോ
മോദി സര്‍ക്കാരിനെ മറച്ചിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള അമേരിക്ക കേന്ദ്രമായ ഡീപ് സ്റ്റേറ്റിന്റെ തന്ത്രത്തിന് കുട പിടിച്ച നേതാവായിരുന്നു ജസ്റ്റിന് ട്രൂഡോ. ന്ത്യയെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യം വേണമെന്ന് വാദിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കാനഡയുടെ മണ്ണില്‍ നല്‍കുകയും കാനഡയില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരന് നിജ്ജാര്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുകളാണെന്ന് വരെ കുറ്റപ്പെടുത്തുകയും ചെയ്ത നേതാവാണ് ജസ്റ്റിന് ട്രൂഡോ.
കാനഡയുടെ മണ്ണില്‍ ഹര്‍ദീപ് സിങ്ങ് നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ ഭീകരനെ വധിക്കാന്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ വരെ കൂട്ടുനിന്നു എന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെ ഇന്ത്യ തെളിവുകള്‍ നിരത്തിയിരുന്നു. മാത്രമല്ല, കാനഡയില്‍ നിന്നുള്ള നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കുകയും ചെയ്തു.ഇന്ത്യയുടെ ഈ നടപടി ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. ഇന്ത്യയ്ക്കെതിരായ ആരോപണം തെളിയിക്കാനുളള രേഖകള്‍ ഹാജരാക്കാന്‍ ട്രൂഡോയ്ക്ക് കഴിയാതിരുന്നത് അന്താരാഷ്ട്ര വേദികളില്‍ ട്രൂഡോയോടുള്ള ബഹമാനം നഷ്ടപ്പെടുത്തിയിരുന്നു. പല രാഷ്ട്രത്തലവന്മാരും ട്രൂഡോയെ സംശയിക്കാനും തുടങ്ങി. ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍ കിട്ടാവുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതും ട്രൂഡോയെ പ്രതിരോധത്തിലാക്കിയിരുന്നു.
കാനഡയുടെ സാമ്പത്തിക പ്രതിസന്ധി, ഭവനനിര്‍മ്മാണരംഗത്ത് ഉരുണ്ടുകൂടിയ പ്രശ്നങ്ങള്‍, കത്തുന്ന ദേശീയ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ ജസ്റ്റിന് ട്രൂഡോ പരാജയപ്പെട്ടിരുന്നു. സ്വന്തം കഴിവുകേടുകളില്‍ നിന്നും രക്ഷപ്പെടാനാണ് മോദിയ്ക്കെതിരെ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതെന്ന് കാനഡയിലെ പ്രതിപക്ഷപാര്‍ട്ടികളും ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗങ്ങളും വിശ്വസിച്ചിരുന്നു.
എല്ലാ ഇന്ത്യാ വിരുദ്ധ സമരങ്ങളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്ന നേതാവായ ജഗ്മീത് സിങ്ങിന്റെ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ട്രൂഡോയെ പിന്തുണ നല്കി അധികാരത്തില്‍ ഉറപ്പിച്ചുനിര്‍ത്തിയത്. . ഖലിസ്ഥാന്‍ വാദികള്‍ക്ക് അഭയവും ധനസഹായവും വാരിക്കോരി നല്കുന്ന നേതാവ് കൂടിയാണ് ജഗ്മീത് സിങ്ങ്. നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാനഡയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഇന്ത്യാസര്‍ക്കാരിനെതിരെ ട്രൂഡോ കുറ്റപ്പെടുത്തല്‍ നടത്തിയത് ജഗ്മീത് സിങ്ങിന്റെ സമ്മര്‍ദ്ദം കാരണമാണ്ഒടുവില് ജഗ്മീത് സിങ്ങും ട്രൂഡോയ്ക്കെതിരെ തിരിഞ്ഞിരുന്നു. അതുപോലെ പുതുതായി യുഎസില്‍ പ്രസിഡന്റായി അധികാരത്തില്‍ വന്ന ഡൊണാള്‍ഡ് ട്രംപ് ജസ്റ്റിന് ട്രൂഡോയെ വെറുക്കുന്ന നേതാവാണ്. ട്രംപ് കാനഡയ്ക്കെതിരെ പുതിയ നികുതികള്‍ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി നേതാക്കളെ അമ്പരപ്പിച്ചിരുന്നു. അതോടെ ജസ്റ്റിന് ട്രൂഡോയെ മാറ്റുന്നതാണ് നിലനില്പിന് നല്ലതെന്ന് അവരും ചിന്തിച്ചുതുടങ്ങി. അങ്ങിനെ എല്ലാ കോണുകളില്‍ നിന്നും ആക്രമണങ്ങള്‍ അസഹ്യമായപ്പോഴാണ് ജസ്റ്റിന് ട്രൂഡോ രാജിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: