ന്യൂദെൽഹി:ഫെബ്രുവരി 5 ന് നടക്കുന്ന ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് ബിജെപി. ഫെബ്രുവരി 8 ന് ദെൽഹിക്ക് ഇരട്ട എഞ്ചിൻ സർക്കാരിനെ ലഭിക്കുമെന്ന് ദെൽഹി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ് പറഞ്ഞു. പുതിയ ദെൽഹി കെട്ടിപ്പടുക്കാൻ 1.55 കോടിയിലധികം വോട്ടർമാർ വോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് ഫലം ദെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരട്ട എഞ്ചിൻ സർക്കാരിന് വഴിയൊരുക്കും. ദെൽഹിയിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യും. ദെൽഹി സർക്കാർ നടത്തുന്ന കൊള്ളയോട് വിടപറയാനുള്ള സമയമാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എഎപി നേതാക്കളായ രാഘവ് ഛദ്ദയും സഞ്ജയ് സിംഗും ഭീഷണിപ്പെടുത്തിയത് അവരുടെ സ്വബോധം നഷ്ടപ്പെട്ടുവെന്നതിന് തെളിവാണ്.
അദ്ദേഹം ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളും സംഘവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. അഡീഷണൽ ജില്ല മജിസ്ട്രേറ്റ് നിശാന്ത് ബോധ് നൽകിയ പരാതി ഇതിന് ഉദാഹരണമാണ്. തിരഞ്ഞെടുപ്പ് ഓഫീസിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഇടക്കിടെ വരുന്നത് സംഘർഷത്തിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനുമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെടുത്തി അദ്ദേഹം ദെൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയ കാര്യം ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
53 ലെ മുന്നേറ്റം ആത്മവിശ്വാസം
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 53 നിയമസഭ മണ്ഡലങ്ങളിൽ മുന്നേറ്റം നടത്തിയിരുന്നു. എഎപി 10 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും മുന്നിലാണ്. ലോകസഭയിലേക്ക് കോൺഗ്രസും എഎപിയും ഒരുമിച്ചാണ് മത്സരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബിജെപി വൻ വിജയം നേടിയതും പഞ്ചാബിൽ വലിയ വോട്ട് ഷെയർ നേടിയതും ദെൽഹിയിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിശ്വസിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമ്മാണ ധൂർത്ത് വലിയ പ്രചരണ വിഷയമായി ബിജെപി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. “ശീഷ്മഹൽ മാതൃക” എല്ലാ സ്ഥലത്തും ബിജെപി സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: