ന്യൂദൽഹി: മഹാരാഷ്‌ട്രയിലെ നിയമസഭ തിരഞ്ഞടുപ്പിലെ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിന് ശേഷം ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്നും ഷിൻഡെ ശിവസേനയിലേക്കുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു. ഛത്രപതി സംഭാജി നഗർ മുൻ മേയർ നന്ദേകുമാർ ഘോഡിലെ, അദ്ദേഹത്തിന്റെ ഭാര്യ അനിത ഘോഡലെ, ധൂലെയിൽ നിന്നുള്ള ശിവസേന താക്കറെ വിഭാഗം സഹ സമ്പർക്ക പ്രമുഖ് ഹിലാൽ മാലി, മുൻ പാൽഘർ മേയർ പ്രിയങ്ക പാട്ടിൽ, മുൻ ഡെപ്യൂട്ടി മേയർ രവീന്ദ്ര പാട്ടിൽ, മുൻ കോർപ്പറേറ്റർ ദീപ പാം ലെ, ശിവസേന സിറ്റി ഡെപ്യൂട്ടി ചീഫ് പ്രവീൺ പാട്ടീൽ എൽഗർ യുവ ഓർഗനൈസേഷൻ പ്രസിഡൻ്റ് വിരാജ് ഗദാഗ് എന്നിവർ താനെയിലെ ടെംബിനാക്കയിൽ ആയിരക്കണക്കിന് പ്രവർത്തകരോടൊപ്പം ഉപുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സാന്നിധ്യത്തിൽ ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നു.
ധുലയിൽ ഷിൻഡെ ശിവസേനയിൽ ചേർന്ന ഹിലാൽ മാലി എന്ന നേതാവിന് ധുലെ നഗരത്തിൽ മാത്രമല്ല ഗ്രാമ പ്രദേശങ്ങളിൽ പോലും വലിയ ജനസ്വാധിനമുണ്ട്. ഇദ്ദേഹത്തോടെപ്പം ഉദ്ധവ് താക്കറെയെ കൈവിട്ടവരിൽ ഉപജില്ല തലവന്മാരും മുൻ കോർപ്പറേറ്റർമാരും മെട്രോപോളിറ്റൻ ചീഫുമാരും അടങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറെ പക്ഷത്തിന് തുടർച്ചയായി തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ബിഎംസി തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് മുൻ മേയർമാർ ഉൾപ്പെടെയുള്ളവരുടെ ഈ കൊഴിഞ്ഞു പോക്ക് ഉദ്ധവിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടിയായി.
കംഗർ സേനയിലെ പട്ടിക വർഗ്ഗ നേതാക്കളും
ശിവസേന ഉദ്ധവ് താക്കറെയുടെ തൊഴിലാളി വിഭാഗമായ കംഗർ സേനയുടെ നൂറുകണക്കിന് പട്ടിക വർഗ നേതാക്കളും ഉദ്ധവിനെ കൈവിട്ടത് വരാനിരിക്കുന്ന തദ്ദേശസ്വംഭരണ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകും. പൊതുവെ നാസിക് ജില്ല ഉദ്ധവ് താക്കറെയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ഉദ്ധ വിന്റെ ശിവസേനയുടെ രാജഭാവു വാജെ ഇവിടെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മേഖലയും ഉദ്ധവിനെ കൈവിട്ടു. ഈ പ്രദേശത്തെ നൂറുകണക്കിന് കംഗാർ സേന നേതാക്കൾ ഷിൻഡെ ശിവസേനയിൽ ചേർന്നത് വിദ്യാഭ്യാസ മന്ത്രി ദാദ ഭൂസെയുടെ സാന്നിധ്യത്തിലായിരുന്നു.
അത് പോലെ ഉദ്ധവ് വിഭാഗം നേതാക്കൾ ബിജെപിയിലേക്കും മാറുന്നുണ്ട്. പൂനെയിലെ അഞ്ച് മുൻ കോർപറേറ്റർമാർ ബിജെപിയിൽ ചേർന്നത് ഉദ്ധവ് താക്കറെയെ ശരിക്കും ഞെട്ടിച്ചു. കാരണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആകെ 10 പേരുണ്ടായിരുന്ന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ കോർപ്പറേറ്റർമാരുടെ എണ്ണം 3 ആയി ചുരുങ്ങി. അഞ്ച് പേർ ബിജെപിയിൽ ചേർന്നതിന് പുറമെ ഒരാൾ വീതം ഷിൻഡെ ശിവസേനയിലും കോൺഗ്രസിലേക്കും മാറിയിരുന്നു. ബിജെപി – ഷിൻഡെ ശിവസേന – അജിത് എൻസിപി എന്നീ പാർട്ടികളടങ്ങിയ മഹായുതി സഖ്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച സീറ്റ് വിഭജന ഫോർമുല തന്നെ സ്വീകരിക്കാനാണ് മഹായുതിയിലെ ധാരണയെന്നാണ് അറിയുന്നത്.
അഞ്ച് എംഎൽഎമാരും പാർട്ടി വിടുമോ?
ഉദ്ധവ് താക്കറെ ശിവസേനയുടെ അഞ്ച് എംഎൽഎമാരും പാർട്ടി വിടുകയാണെന്ന് ശ്രുതിയുണ്ട്. രത്നഗിരി നിയമസഭ മണ്ഡലത്തിൽ നിന്നും വൻ വിജയം നേടിയ ഷിൻഡെ വിഭാഗം എംഎൽഎ ഉദയ് സാമന്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് എംഎൽഎമാരും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ സമയത്ത് അവർ യഥാർത്ഥ ശിവസേനയിൽ ചേരുമെന്നുമാണ് ഉദയ് സാമന്തിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: