Editorial

സിപിഎം പിന്തുടരുന്ന കമ്യൂണിസ്റ്റ് കാടത്തം

Published by

കൊലക്കുറ്റവാളികള്‍ക്കു സ്വീകരണമൊരുക്കുകയും അവര്‍ക്കു വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത സിപിഎം, കാടത്തത്തിന്റെ മൂര്‍ത്ത രൂപമായി മാറുകയാണ്. പാര്‍ട്ടിയേതായാലും കൊലപാതകം ഏറ്റവും വലിയ കുറ്റം തന്നെയാണ്. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തതോടെ അവര്‍ കുറ്റക്കാരായിക്കഴിഞ്ഞു. അതിനുള്ള ശിക്ഷയുടെ ഭാഗമായാണവര്‍ ജയിലിലെത്തിയത്. ഈ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതാണു നിയമപരമായ വഴി. ആ വഴി സ്വീകരിക്കുന്നതിനു പകരം, കുറ്റക്കാര്‍ തങ്ങളുടെ ആളുകളായതിനാല്‍ പാര്‍ട്ടി സ്വയം അവരെ കുറ്റ വിമുക്തരായി കാണുകയും വീരന്‍മാരായി ആരാധിക്കുകയും ചെയ്യുന്നത് നിയമവ്യവസ്ഥയെത്തന്നെ പരിഹസിക്കന്നതിനു തുല്യമാണ്. ഇത്തരം ചെയ്തികള്‍ സമൂഹത്തിലേയ്‌ക്കു പ്രസരിപ്പിക്കുന്ന സന്ദേശം സിപിഎമ്മിനു വിഷയമല്ലായിരിക്കാം. പക്ഷെ, നാടിന് അത് ഒട്ടും ആശാസ്യമല്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞദിവസം നടന്നത് അതാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും അണികളുമാണിത് ചെയ്തത്. അതിനെതിരെ ഭരണകക്ഷിയോ അതിന്റെ മുതിര്‍ന്ന നേതാക്കളോ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടുമില്ല. തങ്ങളുടെ കാര്യം തങ്ങള്‍തന്നെ തീരുമാനിക്കുമെന്നും പാര്‍ട്ടിക്കുമേലേ ഒന്നുമില്ലെന്നും ഉണ്ടാവാന്‍ അനുവദിക്കില്ലെന്നുമുള്ള ധാര്‍ഷ്ട്യമാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വീകരിക്കാന്‍ ഇറങ്ങിയവര്‍ക്കിടയിലും സ്വീകരിക്കപ്പെട്ടവര്‍ക്കിടയിലും ഓരോ മുന്‍ സാമാജികരുമുണ്ടായിരുന്നു. ജനങ്ങളെ നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന വിചിത്രമായ കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. ജയില്‍ കാണിച്ചു തങ്ങളെ വിരട്ടേണ്ടെന്നാണ്, ഈ പരിപാടിക്കു നേതൃത്വം കൊടുത്ത പാര്‍ട്ടി നേതാവ് പി.ജയരാജന്‍ പറഞ്ഞത്. എന്നു പറഞ്ഞാല്‍ ജയില്‍ തങ്ങള്‍ക്കു പുത്തരിയല്ല എന്നും വ്യാഖ്യാനക്കാം. ജയിലില്‍ കിടക്കേണ്ടി വരുന്നവര്‍ കുറ്റവാളികളായിരിക്കുമല്ലോ. അപ്പോള്‍ തങ്ങള്‍ കുറ്റവാളികളാണെന്നും ഇതു കുറ്റവാളികളുടെ പാര്‍ട്ടിയാണെന്നും നേതാവു പ്രഖ്യാപിച്ചിരിക്കുന്നു. ഇനി ഇവര്‍തന്നെ ജനനായകരായി വോട്ടു ചോദിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടക്കുകയും ചെയ്യും.

അരാജകത്വത്തെ അലങ്കാരമായി കൊണ്ടുനടക്കുന്ന സിപിഎം ഇതൊക്കെ ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ല. നേര്‍വഴിയെ ചിന്തിക്കുന്നവര്‍ക്ക്, കേരളത്തിലെ രാഷ്‌ട്രീയരംഗം ഇത്രയും തരംതാഴ്ന്നതില്‍ നാണം തോന്നിപ്പോകുമെന്നു മാത്രം. കൊലക്കുറ്റത്തിനു ശിക്ഷകഴിഞ്ഞിറങ്ങിയവരെ മാലയിട്ടു സ്വീകരിച്ച് എഴുന്നള്ളിച്ച ചരിത്രം ആ പാര്‍ട്ടിക്കുണ്ട്. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനിലും ബോംബു നിര്‍മിക്കുമെന്നു പ്രഖ്യാപിച്ച ഒരു നേതാവ് ഈ പാര്‍ട്ടിക്കുണ്ടായിരുന്നു. അദ്ദേഹം പിന്നീടു ആഭ്യന്തര മന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിക്കുതന്നെ പൊലീസും കോടതിയുമൊക്കെയുണ്ടെന്നു പ്രഖ്യാപിക്കുകയും ആ കോടതിയുടെ വിധി നടപ്പാക്കിക്കാണിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. ഒരാളെ പരസ്യമായി വിചാരണ ചെയ്ത് കുറ്റക്കാരനായി പ്രഖ്യാപിച്ചു ശിക്ഷവിധിച്ച് അതു പരസ്യമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. സഹപാഠിയെ വീട്ടില്‍ നിന്നു വിളിച്ചുവരുത്തി, കുത്തിക്കൊല്ലാന്‍ ജിഹാദികള്‍ക്ക് ഇട്ടുകൊടുത്ത കുട്ടിസഖാക്കളുടെ പാര്‍ട്ടിയാണ്. കൊലയാളിക്കൂട്ടത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ സഹപാഠികളെ കരയ്‌ക്കടുപ്പിക്കാതെ എറിഞ്ഞു മുക്കിത്താഴ്‌ത്തിക്കൊന്നവരുടെ പാരമ്പര്യമുണ്ടതിന്. പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നതും അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുന്‍സഹചാരിയെ 51 വെട്ടുവെട്ടിക്കൊന്നതും പാര്‍ട്ടി പൊന്‍തൂവല്‍ പോലെ അലങ്കാരമായി തലയില്‍ അണിയുന്നു. അധ്യാപികയ്‌ക്കു കുഴിമാടം തീര്‍ക്കുകയും ഗുരുനാഥനെ രണ്ടുകാലില്‍ കോളജില്‍ വരാത്ത പരുവത്തിലാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തവര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലുണ്ട്. അതിനെയൊക്കെ കൊണ്ടാടുന്ന മുതിര്‍ന്നവരുടെ നിരയുമുണ്ട് പാര്‍ട്ടിയില്‍.

നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ആചാരങ്ങളേയും വിശ്വാസപ്രമാണങ്ങളേയും ചവിട്ടിയരയ്‌ക്കുന്നവര്‍ക്ക് നിയമവ്യവസ്ഥ വലിയ കാര്യമായിരിക്കില്ല. അവര്‍ക്കു ജനങ്ങളുടെ വേദനയും വികാരങ്ങളും മനസ്സിലാവില്ല. മനസ്സിലായാലും അതു പരിഗണിക്കാനുള്ള സന്‍മനസ്സുണ്ടാവുകയുമില്ല. ഭരണമെന്നാല്‍ ധാര്‍ഷ്ട്യവും താന്‍പോരിമയും തന്‍കാര്യം നോക്കലുമാണെന്നു കരുതുന്നവര്‍ക്ക് ജിഹാദികളുടെ ഭാഷയേ മനസ്സിലാകൂ എന്ന നിലയായിക്കഴിഞ്ഞു. അതിന്റെ ഉന്‍മാദത്തിലാണ് ഇന്നു സിപിഎം. ഒരു നീരാളിയുടെ കൈകള്‍ തങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നത് ഇനിയും അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അഥവ അറിഞ്ഞതായി അവര്‍ നടിക്കുന്നില്ല. അറിഞ്ഞാലും ഇനി രക്ഷപ്പെടാന്‍ കഴിയാത്തവിധം അവര്‍ ആ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by