നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡി എം കെ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയ്‌ക്ക് ജാമ്യം.നിലമ്പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.50000 രൂപ ഓരോ ആള്‍ക്കും കെട്ടിവയ്‌ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്‌ക്കണം എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം.പൊലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളി.
അന്‍വറിനെ ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്ന് സഹോദരന്‍ മുഹമ്മദ് റാഫി പറഞ്ഞു.
അന്‍വറിന്റെ ഒതായിയിലെ വീട് വളഞ്ഞാണ് ഇന്നലെ രാത്രി 9.45 ഓടെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: