ന്യൂഡൽഹി : മാതാപിതാക്കളിൽ നിന്ന് സ്വത്ത് കൈപ്പറ്റിയ ശേഷം മക്കൾ അവരെ പരിപാലിക്കുന്നില്ലെങ്കിൽ സ്വത്ത് തിരിച്ചുപിടിക്കാമെന്ന് സുപ്രീം കോടതി . വയോജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി 2007ൽ ഉണ്ടാക്കിയ നിയമത്തെ പറ്റിയും സുപ്രീം കോടതി വ്യാഖ്യാനിച്ചു.
മധ്യപ്രദേശിലെ ഛത്തർപൂരിൽ അമ്മയിൽ നിന്ന് സ്വത്തുക്കൾ എഴുതി വാങ്ങിയ ശേഷം അവരെ നോക്കാത്ത മകനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാതാപിതാക്കൾ മകന് നൽകിയ സ്വത്തുക്കളുടെ രേഖകൾ കോടതി റദ്ദാക്കി.
ഫെബ്രുവരി 28നകം സ്വത്ത് അമ്മയ്‌ക്ക് കൈമാറണമെന്ന് മകനോട് കോടതി ഉത്തരവിട്ടു. ഛത്തർപൂർ സ്വദേശിയായ ഊർമിള ദീക്ഷിത് 1968ലാണ് ഈ വസ്തു വാങ്ങിയത്. 2019 സെപ്റ്റംബർ 7 ന് മകൻ സുനിൽ ശരൺ ദീക്ഷിതിന്റെ പേരിൽ ഭൂമി എഴുതി നൽകി . 2020 ഡിസംബർ 4 ന്, ഛത്തർപൂരിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പാകെ കൂടുതൽ സ്വത്ത് ലഭിക്കാൻ മകൻ തന്നെയും ഭർത്താവിനെയും ആക്രമിച്ചതായി ഊർമിള ദീക്ഷിത് ആരോപിച്ചു.
സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് മുമ്പ് തന്നെ പരിപാലിക്കാമെന്ന് മകൻ വാക്ക് നൽകിയിരുന്നതായും ഊർമിള ദീക്ഷിത് പറഞ്ഞു. തുടർന്നാണ് മകന് നൽകിയ സ്വത്തുക്കൾ മടക്കി നൽകാൻ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: