അശ്വിനി വൈഷ്ണവ്
കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവര
സാങ്കേതികവിദ്യ മന്ത്രി
”ആഗോള ഭാവിയെക്കുറിച്ചു നാം സംസാരിക്കുമ്പോള്‍, മനുഷ്യകേന്ദ്രീകൃത സമീപനങ്ങളാണു പ്രധാനം” – പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഐക്യരാഷ്‌ട്രസഭയുടെ ‘ഭാവിയുടെ ഉച്ചകോടിയില്‍’ പറഞ്ഞ വാക്കുകളാണിത്. ജനങ്ങള്‍ക്കു പ്രഥമസ്ഥാനം നല്‍കുന്നതിനുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടു പ്രതിഫലിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. 2025ലെ കരടു ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ (ഡിപിഡിപി) ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്ക് നയിച്ചത് ഈ ചിന്തയാണ്. നിയമങ്ങള്‍ക്ക് അന്തിമരൂപമേകിയ ശേഷം, 2023-ലെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം പ്രവര്‍ത്തനക്ഷമമാക്കുകയും വ്യക്തിഗത വിവര സംരക്ഷണത്തിനായുള്ള പൗരന്മാരുടെ അവകാശം പരിരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ജീവസുറ്റതാക്കുകയും ചെയ്യും.
ശാക്തീകരണത്തിന്റെ പുതുയുഗം
2025-ലെ ഡിപിഡിപി ചട്ടങ്ങളുടെ കാതലിലാണ് ഇന്ത്യന്‍ പൗരന്‍ നിലകൊള്ളുന്നത്. ഡേറ്റ കൂടുതലായി ആധിപത്യം പുലര്‍ത്തുന്ന ലോകത്ത്, ഭരണ ചട്ടക്കൂടിന്റെ കാമ്പില്‍ വ്യക്തികളെ പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. സമ്മതത്തോടെ വിവരങ്ങള്‍ നല്‍കല്‍, ഡേറ്റ നീക്കം ചെയ്യല്‍, ഡിജിറ്റലായി നാമനിര്‍ദേശം ചെയ്യാനുള്ള സംവിധാനം തുടങ്ങിയ അവകാശങ്ങളാല്‍ ഈ ചട്ടങ്ങള്‍ പൗരന്മാരെ ശാക്തീകരിക്കുന്നു. ലംഘനങ്ങളുടെയോ അനധികൃത ഡേറ്റ ഉപയോഗത്തിന്റെയോ മുന്നില്‍ പൗരന്മാര്‍ക്ക് ഇനി നിസ്സഹായരാകേണ്ടിവരില്ല. അവരുടെ ഡിജിറ്റല്‍ വ്യക്തിത്വം ഫലപ്രദമായി പരിരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സങ്കേതങ്ങള്‍ അവര്‍ക്കു ലഭിക്കും.
സാങ്കേതിക പരിജ്ഞാനം കണക്കിലെടുക്കാതെ ഓരോരുത്തര്‍ക്കും അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കാനും വിനിയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കുംവിധം ലളിതമായും വ്യക്തമായുമാണു നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. വ്യക്തതയുള്ള നിബന്ധനകളില്‍ സമ്മതം തേടുന്നത് ഉറപ്പാക്കുന്നതു മുതല്‍ ഇംഗ്ലീഷിലോ ഭരണഘടനയില്‍ പട്ടികപ്പെടുത്തിയിട്ടുള്ള 22 ഭാരതീയ ഭാഷകളിലോ പൗരന്മാര്‍ക്കു വിവരങ്ങള്‍ നല്‍കണമെന്നു നിര്‍ബന്ധമാക്കുന്നതുവരെ, ഉള്‍ക്കൊള്ളലിനുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ ചട്ടക്കൂടു പ്രതിഫലിപ്പിക്കുന്നു.
കുട്ടികളെ സംരക്ഷിക്കല്‍
ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ക്കു പ്രത്യേക പരിചരണം ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞ്, പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്, പരിശോധിച്ചുറപ്പിക്കാവുന്ന മാതാപിതാക്കളുടെയോ അല്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെയോ സമ്മതം നിയമങ്ങള്‍ നിര്‍ബന്ധമാക്കുന്നു. ചൂഷണം, അനധികൃത പ്രൊഫൈലുകള്‍ സൃഷ്ടിക്കല്‍, മറ്റു ഡിജിറ്റല്‍ ചതിക്കുഴികള്‍ എന്നിവയില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നുവെന്ന് അധിക സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കുന്നു. ഭാവിതലമുറയ്‌ക്കായി സുരക്ഷിതമായ ഡിജിറ്റല്‍ ഇടം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തെയാണ് ഈ വ്യവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്നത്.
നിയന്ത്രണവുമായി വളര്‍ച്ച സന്തുലിതമാക്കല്‍
ഭാരതത്തിന്റെത് ആഗോള വിജയഗാഥയാണ്. ഈ വേഗത സജീവമായി നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തിലാണു ഞങ്ങള്‍. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ നവീകരണം പ്രാപ്തമാക്കുന്നതിനൊപ്പം, പൗരന്മാരുടെ വ്യക്തിഗത വിവരസംരക്ഷണവും ഞങ്ങളുടെ ചട്ടക്കൂട് ഉറപ്പാക്കുന്നു. നിയന്ത്രണത്തിലേക്കു വളരെയധികം ചായുന്ന ചില അന്താരാഷ്‌ട്ര മാതൃകകളില്‍നിന്നു വ്യത്യസ്തമായി, ഞങ്ങളുടെ സമീപനം പ്രായോഗികവും വളര്‍ച്ചാധിഷ്ഠിതവുമാണ്. ഈ സന്തുലിതാവസ്ഥ, നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായങ്ങളെയും നയിക്കുന്ന നൂതനമായ മനോഭാവത്തെ തടസ്സപ്പെടുത്താതെ പൗരന്മാരെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ചെറുകിട വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കുറഞ്ഞ തോതില്‍ ചട്ടങ്ങള്‍ പാലിക്കല്‍ ഭാരം നേരിടേണ്ടിവരും. പങ്കാളികളുടെ വ്യത്യസ്ത ശേഷികള്‍ കണക്കിലെടുത്ത്, തരംതിരിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോടെയാണു നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യക്തിഗതവിവരങ്ങള്‍ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കി, വലിയ കമ്പനികള്‍ക്ക് ഉയര്‍ന്ന ബാധ്യതകളുണ്ടാകും. ഇതു വളര്‍ച്ചയെ തടസ്സപ്പെടുത്താതെ ഉത്തരവാദിത്വം ഉറപ്പാക്കും.
ഡിജിറ്റല്‍-ഫസ്റ്റ് തത്വം
ഈ നിയമങ്ങളുടെ കാതല്‍ ”ഡിജിറ്റല്‍ ബൈ ഡിസൈന്‍” എന്ന തത്വശാസ്ത്രമാണ്. പരാതികള്‍ പരിഹരിക്കുന്നതിനും ചട്ടങ്ങള്‍ പാലിക്കല്‍ നടപ്പിലാക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഡേറ്റാ സംരക്ഷണ ബോര്‍ഡ് പ്രധാനമായും ഡിജിറ്റല്‍ ഓഫീസായി പ്രവര്‍ത്തിക്കും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഞങ്ങള്‍ കാര്യക്ഷമതയും സുതാര്യതയും വേഗതയും ഉറപ്പാക്കുന്നു. നേരിട്ടുള്ള അനാവശ്യ ഇടപെടലുകളില്ലാതെ പൗരന്മാര്‍ക്കു പരാതികള്‍ സമപ്പിക്കാനും പുരോഗതി നിരീക്ഷിക്കാനും പ്രതിവിധികള്‍ തേടാനും കഴിയും.
ഈ ‘ഡിജിറ്റല്‍-ഫസ്റ്റ്’ സമീപനം സമ്മതങ്ങള്‍ക്കുള്ള സംവിധാനങ്ങളിലേക്കും ഡേറ്റ പരിപാലന പ്രവര്‍ത്തനങ്ങളിലേക്കും വ്യാപിക്കുന്നു. പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലൂടെ, ഈ രീതിയില്‍ വിശ്വാസം ഊട്ടിയുറപ്പിച്ച്, പൗരന്മാരുടെ ഇടപെടലുകള്‍ ഞങ്ങള്‍ സുഗമമാക്കുന്നു.
ഏവരെയും ഉള്‍ക്കൊള്ളുന്ന സമീപനം
ഈ നിയമങ്ങളിലേക്കുള്ള യാത്ര അതു ലക്ഷ്യമിടുന്നതുപോലെ ഏവരെയും ഉള്‍ക്കൊള്ളുന്നതാണ്. 2023-ലെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന്റെ തത്വങ്ങളില്‍ അധിഷ്ഠിതമായ കരടു നിയമങ്ങള്‍, വിവിധ പങ്കാളികളില്‍നിന്നു ശേഖരിച്ചതും ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനത്തിന്റേതുമായ വിപുലമായ ചേരുവകളുടെ ഉല്‍പ്പന്നമാണ്.
പൗരന്മാരില്‍നിന്നും വ്യവസായങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും പ്രതികരണങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ച് ഞങ്ങള്‍ 45 ദിവസത്തെ പൊതുപരിശോധന കാലയളവു പ്രഖ്യാപിച്ചു. ഈ ഇടപഴകല്‍ കൂട്ടായ അവബോധത്തിലും പങ്കാളിത്ത നയരൂപീകരണത്തിന്റെ പ്രാധാന്യത്തിലുമുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. അതേസമയം, ചട്ടക്കൂടു ശക്തമാണെന്നു മാത്രമല്ല, നമ്മുടെ സാമൂഹ്യ-സാമ്പത്തിക ഭൂപ്രകൃതിയുടെ അതുല്യമായ വെല്ലുവിളികള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
പൗരന്മാര്‍ അവരുടെ അവകാശങ്ങളെയും കടമകളെയുംകുറിച്ച് അവബോധമുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന്, സ്വകാര്യ വിവരങ്ങളിലെ അവകാശങ്ങളെക്കുറിച്ചു പൗരന്മാരെ ബോധവല്‍ക്കരിക്കാന്‍ വ്യാപകമായ ബോധവല്‍ക്കരണ സംരംഭങ്ങള്‍ സംഘടിപ്പിക്കും.
ഭാവിയിലേക്കുള്ള കാഴ്ചപ്പാട്
ഈ നിയമങ്ങള്‍ നാം അനാവരണം ചെയ്യുമ്പോള്‍, നിലവിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, സുരക്ഷിതവും നൂതനവുമായ ഡിജിറ്റല്‍ ഭാവിക്ക് അടിത്തറയിടുക കൂടിയാണു ചെയ്യുന്നത്. ആഗോള ഡേറ്റ പരിപാലന മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ നേതൃത്വത്തെ 2025ലെ കരടു ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ ചട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. പൗരന്മാരെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിലൂടെയും നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെയും, ലോകത്തിനു പിന്തുടരാനുള്ള മാതൃകയാണ് സ്ഥാപിക്കുന്നത്.
ഈ ഡിജിറ്റല്‍ യുഗത്തില്‍ ഓരോ ഭാരതീയനേയും ശാക്തീകരിക്കാനും പ്രാപ്തമാക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ്. പരിശോധന കാലയളവില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ച് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാ പൗരന്മാരെയും വ്യവസായങ്ങളെയും പൊതുസമൂഹത്തെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. സുരക്ഷിതവും ഏവരെയും ഉള്‍ക്കൊള്ളുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഡിജിറ്റല്‍ ഇന്ത്യയുടെ വികസനമോഹങ്ങളെ യഥാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുന്ന ചട്ടക്കൂടു സൃഷ്ടിക്കാന്‍ നമുക്കൊന്നിച്ച് ഈ നിയമങ്ങള്‍ പരിഷ്‌കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: