മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി . ഗോവിന്ദനും അടുത്തിടെ നടത്തുന്ന ഹിന്ദു-സനാതന ധര്‍മ്മ വിരുദ്ധ പ്രഭാഷണങ്ങളും പ്രചാരണങ്ങളും ആകസ്മികം ആണെന്നോ എന്തെങ്കിലും ലക്ഷ്യം മുന്നില്‍ കാണാതെ പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ തങ്ങള്‍ ഹിന്ദുവിരുദ്ധരാണെന്ന് സ്വയം കാണിക്കാനോ ഉള്ള ഒരു വിക്രിയയായി മാത്രം കാണാന്‍ ആവില്ല.സനാതന ധര്‍മ്മം മനുസ്മൃതി ആണെന്നും അത് അശ്ലീലമാണെന്നും ഉള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിന്റെ ജില്ലാ സമ്മേളനത്തിലാണ് ഉണ്ടായത്.വളരെ വ്യക്തമായ ലക്ഷ്യത്തോടെയാണ് പിണറായി വിജയനും ഗോവിന്ദനും ഹിന്ദുധര്‍മ്മത്തെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍19 സീറ്റിലും പരാജയം വാങ്ങിയ സിപിഎമ്മിന്റെ ദയനീയ സ്ഥിതിക്കു കാരണം എസ്ഡിപിഐ അടക്കമുള്ള ഇസ്ലാമിക തീവ്രവാദ ജിഹാദി സംഘടനകള്‍ യുഡിഎഫിനെ പിന്തുണച്ചതാണ് എന്നാണ് അവരുടെ കണ്ടെത്തല്‍. ജിഹാദി വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനും പിന്തുണയ്‌ക്കാനും അതുവഴി വോട്ടുബാങ്ക് രാഷ്‌ട്രീയം തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് പിണറായി വിജയനും എം വിഗോവിന്ദനും മാറിമാറി നടത്തുന്ന പ്രസ്താവന എന്ന കാര്യത്തില്‍ ഇപ്പോള്‍ കേരളത്തിലെ പൊതുസമൂഹത്തിന് സംശയമില്ല.
നിഷ്‌കാമ കര്‍മ്മത്തിലൂടെ സര്‍വ്വചരാചരങ്ങളുടെയും ക്ഷേമവും ഈശ്വര സാക്ഷാത്കാരവും മാത്രം ലക്ഷ്യമിട്ട്ജീവിച്ചിരുന്ന ഋഷ്യീശ്വരന്മാരുടെ നാടാണ് ഭാരതം. വ്യക്തിക്കും സമാജത്തിനും ധര്‍മ്മം ഉണ്ടെന്നും സമാജ ധര്‍മ്മത്തിന്റെ വികസിത രൂപമാണ് സംസ്‌കാരം എന്നും തലമുറകളായി ആചരിച്ചുവരുന്ന വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ജീവിതം മൂല്യങ്ങളുടെയും ആകെ തുകയാണ് ഇതെന്ന് കരുതുകയും ചെയ്യുന്ന ഭാരതീയരെയും ഭാരതീയ സംസ്‌കാരത്തെയും വിലയിരുത്താനും മനസ്സിലാക്കാനും പിണറായിയുടെയും ഗോവിന്ദന്റെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കഴിയില്ല. കാരണം മാര്‍ക്‌സ് പോലും ഭാരതത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്നും വളരെ കുറച്ചു മാത്രമേ വായിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും പറഞ്ഞ സാഹചര്യത്തില്‍ ഭാരതത്തെയും സനാതന ധര്‍മ്മത്തെയും ഭാരതീയ സംസ്‌കാരങ്ങളെയും മൂല്യങ്ങളെയും കുറിച്ച് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്ക് ഒന്നും അറിയില്ല എന്ന കാര്യം വ്യക്തം. മനു സ്മൃതിയാണ് ഭാരതീയ സംസ്‌കാരം എന്ന് ഗോവിന്ദന്‍ കരുതുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കുറവും വിവരമില്ലായ്മയും കൊണ്ട് തോന്നുന്നതാണ്. മനുസ്മൃതി അക്കാലത്തെ രാജഭരണത്തില്‍ ഉപയോഗിച്ചിരുന്ന നിയമസംഹിതയാണ്. അതിനുശേഷം സ്മൃതികളിലും നിയമസംഹിതകളിലും എത്ര മാറ്റം വന്നു. ചാതുര്‍വര്‍ണ്യം തന്നെ ഇന്നത്തെ രീതിയില്‍ വികലമായി ഉപയോഗിച്ച് സമുദായ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ബ്രിട്ടീഷുകാരുടെ ആസൂത്രിതമായ ശ്രമമുണ്ട് എന്ന കാര്യം ചരിത്ര രേഖകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മരിയാവര്‍ത്തിന്റെ താങ്ക്യൂ ഇന്ത്യ എന്ന പുസ്തകം ബ്രിട്ടീഷുകാര്‍ നടത്തിയ ആസൂത്രിത ഗൂഢാലോചന രേഖകള്‍ ഉദ്ധരിച്ച് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.ധര്‍മ്മത്തിന്റെയും മോക്ഷത്തിന്റെയും മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ അര്‍ത്ഥ കാമങ്ങള്‍ വിന്യസിക്കുന്ന പുരുഷാര്‍ത്ഥങ്ങളെയാണ് ഹിന്ദുത്വം വിഭാവന ചെയ്യുന്നത്. എന്തിനെയും ഏതിനെയും അറിയാതെ വിമര്‍ശിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യാത്ത കമ്മ്യൂണിസം കാലാകാലങ്ങളായി ലക്ഷ്യമിടുന്നത് ഭാരതത്തിലെ ഹിന്ദുത്വത്തെയാണ്. സനാതന ധര്‍മ്മത്തെ തകര്‍ത്താല്‍ മാത്രമേ ഭാരതത്തെ ഇസ്ലാമിക വല്‍ക്കരിക്കാനും ക്രൈസ്തവ വത്കരിക്കാനും ആഗോളതലത്തില്‍ പണം പറ്റി നടത്തുന്ന മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേരോട്ടം ഉണ്ടാകു എന്ന തിരിച്ചറിവിലാണ് ഹിന്ദുക്കളില്‍ ജാതി സ്പര്‍ദ്ധയുണ്ടാക്കാനും സനാതന സംസ്‌കാരത്തിന്റെ ശാസ്ത്രീയവും സാംസ്‌കാരികവും ചരിത്രപരവുമായ അടിത്തറയെ തള്ളാനും, ഹിന്ദുത്വത്തില്‍ ഒന്നുമില്ലെന്ന് വരുത്താനും ഒക്കെ ശ്രമിക്കുന്നത്.ഇടതുപക്ഷ ചരിത്രകാരന്മാര്‍ അടക്കം സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിലും ഭാരതത്തിലും സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇത് തുറന്നുകാട്ടുന്നതാണ്.
ജിനോം തിയറി വന്നപ്പോള്‍ കഴിഞ്ഞ രണ്ട് ലക്ഷം വര്‍ഷത്തിനിടെ ഭാരതത്തിലേക്ക് ഒരു അധിനിവേശവും ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി.ആര്യന്‍ ഇന്‍വേഷന്‍ എ മിത്ത് എന്ന കൃതി ആര്യന്‍ അധിനിവേശത്തിന്റെ പൊള്ളത്തരം പൂര്‍ണ്ണമായും തുറന്നുകാട്ടിയതാണ് . ഗ്രീസ്, റോം, യൂറോപ്പ്, അമേരിക്ക, ഇറാന്‍, ജാവ സുമാത്ര ,കമ്പോഡിയ തുടങ്ങിയ ദ്വീപുകളിലും ഒക്കെ തന്നെ പ്രാചീന ആര്യാവര്‍ത്തത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. മയന്‍ സംസ്‌കാരത്തിന്റെ ഇന്നും തുടരുന്ന ആചാരങ്ങള്‍ മുഴുവന്‍ ഹിന്ദുത്വത്തിന്റേ താണെന്നും അവരുടെ ചടങ്ങുകള്‍ തുടങ്ങുന്നത് ഗണപതി സ്തുതിയോടെ ആണെന്നും കവി വിഷ്ണു നാരായണന്‍ നമ്പൂതിരി രേഖപ്പെടുത്തിയത് ഓര്‍മിക്കുന്നു. ഹിന്ദുവിന്റെ ഗ്രന്ഥം ഏതാണെന്നോ സ്ഥാപകന്‍ ആരാണെന്നോ പറയാന്‍ കഴിയാതെ സഹസ്രാബ്ദങ്ങളായി നൂറുകണക്കിന് ഋഷിമാരും വേദങ്ങളും ഉപനിഷത്തുകളും അടക്കമുള്ള ആയിരക്കണക്കിന് ഗ്രന്ഥങ്ങളും ഒക്കെയായി ഒരു മഹാസാഗരം മുന്നില്‍ കണ്ടിട്ടും അത് അശ്ലീലം ആണെന്ന് തോന്നുന്ന എം.വി. ഗോവിന്ദന്റെ ശങ്ക മാറ്റി കൊടുക്കാന്‍ പാര്‍ട്ടിയിലെ ഹിന്ദു സഖാക്കള്‍ ആണ് ശ്രമിക്കേണ്ടത്.
സിപിഎമ്മില്‍ നടക്കുന്ന ഇരട്ടത്താപ്പ് ഇനിയെങ്കിലും തിരിച്ചറിയാന്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് കഴിയുമോ? സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പള്ളിയില്‍ പോകാം മാത്രമല്ല , പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും മതേതര പാര്‍ട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന സിപിഎം മുസ്ലിം പ്രവര്‍ത്തകര്‍ക്ക് നിസ്‌കാര പുര ഒരുക്കാനും പായ വിരിക്കാനും അല്പം പോലും മടി കാണിക്കാറില്ല.അതേസമയം ശബരിമലയില്‍ പോകുന്ന ഹിന്ദു സഖാക്കള്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി എന്ന നിലയില്‍ പോലും ക്ഷേത്രങ്ങളില്‍ പോയാല്‍ തൊഴാനും തീര്‍ത്ഥം വാങ്ങിക്കാതിരിക്കാനും ഉള്ള അപകര്‍ഷതാ ബോധം സൃഷ്ടിക്കുന്ന പാര്‍ട്ടിയുടെ ജഡിലമായ ചിന്തകളെ മതനിരപേക്ഷ ചിന്തകളായി വ്യാഖ്യാനിക്കാന്‍ കഴിയുമോ? സിമി നിരോധിച്ചതിനുശേഷം പാര്‍ട്ടിയുടെ ഊടും പാവും തകര്‍ക്കുന്ന നിലയില്‍ അടിമുടി ഇസ്ലാമിക ജിഹാദി തീവ്രവാദികള്‍ കടന്നു കയറിയെന്ന് ആക്ഷേപം ഉയര്‍ന്നത് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും എറണാകുളം ജില്ലാ സമ്മേളനത്തിലും ഒക്കെയാണ്. അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പാര്‍ട്ടി പൂര്‍ണമായും ജിഹാദികള്‍ക്ക് അടിമപ്പെടുമ്പോള്‍ പാര്‍ട്ടി സംവിധാനത്തില്‍ നിന്ന് നൂറുകണക്കിന് സാധാരണ പ്രവര്‍ത്തകര്‍ പ്രത്യേകിച്ച് പാര്‍ട്ടിയുടെ എക്കാലത്തെയും അടിത്തറയായിരുന്ന ഈഴവ സമുദായം അടക്കം പുറത്തേക്ക് വരുമ്പോള്‍ ഹിന്ദുത്വം അശ്ലീലം ആണെന്ന് പറയുന്ന ഗോവിന്ദന്‍ ഏത് നാട്ടിലാണ് ജീവിക്കുന്നത്.
പിണറായി വിജയന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാന പ്രശ്‌നം ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഇട്ടു കയറാന്‍ കഴിയുന്നില്ല എന്നതാണ് . ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ കൈകൂപ്പി തൊഴാനുള്ള അന്തസ്സ് കാണിക്കാത്ത പിണറായി വിജയന് ഭക്തര്‍ ഷര്‍ട്ട് ഇട്ടു പോയാല്‍ എന്ത് ഷര്‍ട്ട് ഇടാതെ പോയാല്‍ എന്ത് .പിന്നെ മുഖ്യമന്ത്രി എന്ന നിലയില്‍ ആണെങ്കില്‍ പിണറായി വിജയന്‍ ഒരിക്കലും ആ പദവിയോട് പൂര്‍ണ്ണ നീതിപുലര്‍ത്തി എന്ന് തോന്നുന്നില്ല. അതേസമയം നല്ല പിതാവ് എന്ന നിലയിലും നല്ല അമ്മായിഅച്ഛന്‍ എന്ന നിലയിലും നല്ല പാര്‍ട്ടി സഖാവ് എന്ന നിലയിലും പിണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദത്തില്‍ എത്തിക്കഴിഞ്ഞാല്‍ മുഖ്യമന്ത്രി എല്ലാ പാര്‍ട്ടിക്കാരുടെതുമാണ്, എല്ലാ പൗരന്മാരുടെതുമാണ്. വോട്ട് ചെയ്യാത്തവരുടെയും ചെയ്തവരുടേതുമാണ്. അതിന് പകരം പിണറായി ചെയ്തത് എന്താണ് നൂറു കണക്കിന് തൊഴിലില്ലാത്ത യുവാക്കള്‍ പിഎസ് സി പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ നിയമനം കാത്തു നില്‍ക്കുമ്പോള്‍ പിന്‍വാതിലില്‍ കൂടി ആയിരക്കണക്കിന് പാര്‍ട്ടി സഖാക്കളെ തിരുകി കയറ്റി. സര്‍വ്വകലാശാലകള്‍ പാര്‍ട്ടി സഖാക്കളുടെയും നേതാക്കളുടെയും ഭാര്യമാരുടെയും കുടുംബക്കാരുടെയും അഭയസ്ഥാനം ആയി. മെറിറ്റ് അട്ടിമറിക്കപ്പെട്ടു. പെട്ടിയെടുപ്പുകാരെ വൈസ് ചാന്‍സലര്‍ മാരാക്കിയപ്പോള്‍ ഗവര്‍ണര്‍ മാത്രമല്ല കോടതികളും ഇടപെട്ടു . ഒരു രാഷ്‌ട്രീയ നേതാവ് എന്ന നിലയില്‍ എല്ലാവരോടും തുല്യമായി പെരുമാറേണ്ട പിണറായി വിജയന്‍ പാര്‍ട്ടി സഖാക്കളുടെ എല്ലാവിധ തോന്ന്യാസങ്ങള്‍ക്കും ഭരണസംവിധാനം പൂര്‍ണമായും അടിമപ്പെടുത്തുകയായിരുന്നു. പെരിയ ഇരട്ടക്കൊല കേസ്ഇതിന്റെഏറ്റവും മികച്ച ഉദാഹരണം ആണ്. അന്വേഷണം അട്ടിമറിച്ച് പാര്‍ട്ടി സഖാക്കളെ രക്ഷിക്കാന്‍ വേണ്ടി പിണറായിയും ഭരണകൂടവും നടത്തിയ ശ്രമങ്ങള്‍ സിബിഐ കോടതിവിധിയില്‍ വളരെ വ്യക്തമാണ്.മാത്രമല്ല പ്രതികളെ രക്ഷിക്കാന്‍ 97 ലക്ഷം രൂപയില്‍ ഏറെ ചെലവഴിച്ച് സിബിഐ അന്വേഷണം ഒഴിവാക്കാന്‍ പിണറായി വിജയന്‍ നടത്തിയ ശ്രമം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടുള്ളതാണോ? കൊന്നവര്‍ പാര്‍ട്ടിക്കാരായതുകൊണ്ട് കൊല്ലപ്പെട്ട തന്റെ സംസ്ഥാനത്തെ രണ്ട് പ്രജകളുടെ ജീവന് വിലയില്ലാത്ത രീതിയില്‍ ഭരണസംവിധാനം ദുര്‍ബലപ്പെടുത്തി ഉപയോഗപ്പെടുത്തി പിണറായി വിജയന്‍ നടത്തിയ നീതി നിഷേധം ഒരുപക്ഷേ പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടമാകും.അത് ജനാധിപത്യ മൂല്യങ്ങള്‍ക്കും അന്തസാര്‍ന്ന ഭരണത്തിനും എതിരാണ്.രണ്ടാം ഊഴം എട്ടു വര്‍ഷം പിന്നിടുമ്പോഴെങ്കിലും ഇതേക്കുറിച്ച് വിലയിരുത്താനും ഭരണത്തിലെ അപാകതകള്‍ നീക്കി എല്ലാ പൗരന്മാര്‍ക്കും ഒരേപോലെ നീതി ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കില്‍ കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയന്‍ എന്ന കാര്യത്തില്‍ സംശയമില്ല.
സ്വന്തം മുഖ്യമന്ത്രിപദവിയില്‍ നീതി നടപ്പാക്കാത്ത പിണറായി വിജയന്‍ എന്തിനാണ് ക്ഷേത്രങ്ങളിലെ ഭക്തരുടെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത്. ക്ഷേത്രങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ നോക്കാനും കാലോചിതമായി പരിഷ്‌കരിക്കാനും അതിനായി നിയോഗിക്കപ്പെട്ട തന്ത്രിമാരും പൂജാരികളും ധര്‍മ്മാചാര്യന്മാരും ഉണ്ട്. ഭാരതത്തിലെ ഹിന്ദുക്കളിലെ അനാചാരങ്ങള്‍ ഇല്ലാതാക്കിയത് നിയമങ്ങള്‍ മൂലം അല്ല ഹിന്ദു സമൂഹം തന്നെയാണ് അതിനുവേണ്ടി മുന്‍കൈയെടുത്തതെന്ന് പിണറായി വിജയനും എം. വി. ഗോവിന്ദനും ഓര്‍മിക്കണം.പന്തിഭോജനത്തിനും മിശ്രഭോജനത്തിനും വഴിയൊരുക്കിയതും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും ഒക്കെ പ്രക്ഷോഭം നടത്തിയതും ഹിന്ദുക്കള്‍ തന്നെ ആയിരുന്നു. ഹിന്ദുമതത്തിലെ എല്ലാ അനാചാരങ്ങളും പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുള്ളതും സമൂഹത്തിനുള്ളില്‍ നിന്ന് തന്നെയാണ്. ബ്രാഹ്മണ സമൂഹത്തില്‍ വിധവാ വിഭാഗത്തിന് അനുകൂലമായും ഘോഷാ സമ്പ്രദായത്തിനെതിരായും കേരളത്തില്‍പോലും പരിഷ്‌കരണ ശ്രമങ്ങള്‍ ഉണ്ടായത് സമുദായത്തിനുള്ളില്‍ നിന്ന് തന്നെയാണ്.അതേസമയം പിണറായി വിജയനും എം .വി .ഗോവിന്ദനും കണ്ണടയ്‌ക്കുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍മിപ്പിക്കട്ടെ.മുത്തലാക്കിനെതിരെ ഇന്നുവരെ ഒരു വാക്ക് സിപിഎം പറഞ്ഞിട്ടുണ്ടോ?മുത്തലാക്കിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന നിയമത്തെ അനുകൂലിക്കുന്നുണ്ടോ?ഷഹബാനു കേസില്‍ രാജീവ് ഗാന്ധി കൊണ്ടുവന്ന ഭരണഘടന ഭേദഗതി സിപിഎം എതിര്‍ക്കുന്നുണ്ടോ? ഇസ്ലാമിക സമ്പ്രദായത്തില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ ആവശ്യപ്പെടാനുള്ള നട്ടെല്ല് പിണറായിക്കോ എം വി .ഗോവിന്ദനോ ഉണ്ടോ?
എം.വി. ഗോവിന്ദന് മനുസ്മൃതിയും ഹിന്ദുത്വവും അശ്ലീലമായി തോന്നും കാരണം കര്‍മ്മബന്ധവും കര്‍മ്മഫലവും ഹിന്ദുക്കളില്‍ വിശ്വാസത്തിന്റെ അടിത്തറയാണ്. കണ്ണും മനസ്സും വാക്കും പാണിപാദാദിയും കൊണ്ട് നാല് തരത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു എപ്രകാരം കര്‍മ്മം ചെയ്യുന്നുവോ അപ്രകാരം ഫലം നേടുന്നു. കര്‍മ്മഫലമായി ഇടപെടാതെയും ഇടകലര്‍ന്ന സുഖദുഃഖങ്ങള്‍ നാം അനുഭവിക്കുന്നു. കര്‍മ്മം പുണ്യമോ പാപമോ ആയിക്കൊള്ളട്ടെ അതിന് നാശമില്ല. ഫലം തന്നിട്ടേ അത് അടങ്ങുകയുള്ളൂ. ആന്തൂരിലെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ സാജനോട് ചെയ്തത് വെള്ളപൂശാനും രക്ഷപ്പെടുത്താനും അടിമകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടാവും. പക്ഷേ അതിന്റെ കര്‍മ്മഫലം പി.കെ. ശ്യാമളയെ മാത്രമല്ല അതിന് നേതൃത്വം നല്‍കിയ ഗോവിന്ദനെയും കാത്തിരിപ്പുണ്ട്. രാഷ്‌ട്രീയം കുത്തിത്തിരിപ്പിന്റേതല്ല.സത്യത്തിന്റെയും സത്യസന്ധതയുടേതും ആകണം. വോട്ട് ബാങ്കിനും താല്‍ക്കാലിക ലാഭത്തിനും വേണ്ടി സമൂഹത്തില്‍ ഛിദ്രം സൃഷ്ടിക്കാനുള്ള പിണറായിയുടെയും ഗോവിന്ദന്റെയും ശ്രമം കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണ്. ഇക്കാര്യം വെള്ളാപ്പള്ളി നടേശനും ജി സുകുമാരന്‍ നായരും അടക്കമുള്ള പ്രബല സമുദായ നേതാക്കള്‍ക്കും സംന്യാസി വര്യന്മാര്‍ക്കും ഹിന്ദു സംഘടന നേതാക്കള്‍ക്കും വ്യക്തമായി മനസ്സിലായിട്ടുണ്ട് .അതിന്റെ ഫലവും അനുരണനങ്ങളും വരും ദിവസങ്ങളില്‍ കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത് ഹിന്ദുത്വത്തെ തകര്‍ക്കാനാണ്.
ഹിന്ദുത്വത്തില്‍ ഒന്നുമില്ലെന്ന് വരുത്താനും മറ്റു ചിലരില്‍ എല്ലാമുണ്ടെന്ന് വരുത്താനും ശ്രമിക്കുന്നതിന്റെ പിന്നില്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് .ഇത് തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് ഉണ്ടാകുന്ന ദിവസം തീരും പിണറായിയുടെയും ഗോവിന്ദന്റെയും ഹിന്ദു നവോത്ഥാന നായകരാകാനും ആചാരങ്ങള്‍ പരിഷ്‌ക്കരിക്കാനും ഉള്ള ശ്രമങ്ങള്‍.അതിന് ഇനി ഏറെ ദിവസം വേണ്ട എന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: