‘കാഴ്ചയേറെക്കുറയുന്നു ഡോക്ടറേ
ട്രീറ്റുമെന്റ് തുടങ്ങേണമിപ്പൊഴേ!’
‘കാണുവാനത്ര നല്ലതല്ലേറെയും;
നല്ലതാണ്, മരുന്നെന്തിനങ്കിളേ?
കേള്‍വിയും പ്രശ്നമായിടാം നോക്കണം,
കേള്‍ക്കുവാന്‍ സുഖമില്ലാത്തതൊക്കെയും
നാക്കു,മൂക്കും പരീക്ഷിച്ചു നോക്കിയാല്‍
പോക്കണംകേടു,റപ്പ്, വിട്ടേക്കുക
ത്വക്കിനില്ലാതെയായി സംവേദന-
മെങ്കിലങ്ങനെ രക്ഷപെട്ടങ്കിളേ:
ചൂടുതീയായ്,കുളിര്നാ,ളുറഞ്ഞുള്ള-
കോടമഞ്ഞിന്റെ കോച്ചിപ്പിടിക്കലായ്’
‘അമ്പതുകള്‍ കഴിഞ്ഞൂ, ഹൃദയത്തെ
പൊന്നുപോലങ്ങുകാക്കണമെന്നവള്-
ചൊല്ലവേ കരള്‍, ഉത്കണ്ഠയോടതു
വല്ലഭര്ക്കാര്ക്കു ഭീതിയുണ്ടാക്കിടാ!’
‘ഉണ്ട് പ്രശ്നങ്ങളിത്തിരി, കാലത്തില്‍
വന്നുപെട്ടോരവസ്ഥതാന് കാരണം:
അങ്കിള്തന്നേ പറയൂ, ഇടയ്ക്കിടെ-
‘നാളെയെങ്ങനെ’ന്നാധിവരാറില്ലേ?
അന്യനാണെങ്കിലെന്തുള്ളു നീറുന്ന
സങ്കടം ചിലരോടങ്ങു തോന്നുമോ?
കൈയിലുള്ളത് കൈമാറുവാനുള്ളം-
വിങ്ങിടും പക്ഷെ, കൈയയക്കാന്‍ മടി.
നാട്ടുകാരോട് സ്നേഹം ചുരക്കുമ്പോള്‍
വീട്ടുകാരുടെയൊച്ച വിരട്ടുമോ?
കൂട്ടുകാരുമിതുപോലനുഭവം
കൂട്ടിരിക്കുവേ പങ്കുവെച്ചീടുമോ?
ഞാന്‍ വളര്‍ത്തിയോര്‍, എന്റെ സഹനങ്ങള്‍
നാളുചെല്ലെ സഹിഷ്ണുത പോക്കുന്നു
ഞാനധികപ്പറ്റാകുന്നു, വയ്യിനി-
നാടുവിട്ടാലോ, തോന്നലുണ്ടായിതോ?
എങ്കില്‍ വേണമടിയന്തിരമായി,
യന്ത്രമാക്കി ഹൃദയത്തെ മാറ്റണം
ആശ,യാഗ്രഹം, സങ്കല്പ്പമൊക്കെയും
ആയുസ്സും കുറച്ചീടാന്‍ ഫലപ്രദം
മുട്ടുകുത്തി നടക്കാന്‍ പഠിക്കണം
നട്ടെല്ലിന്റെ കരുത്തു കുറയ്ക്കണം
കാഴ്ചകളോട് കണ്ണടച്ചീടണം
കേള്പ്പതൊക്കെയും കാറ്റാക്കി മാറ്റണം
നാവനക്കിടാ,മൊച്ച പുറത്തേക്ക്
നാമം ചൊല്ലിയാല്പ്പോലുമേ പാടില്ലാ
കട്ടിയുള്ളൊരു തോല്‍ച്ചട്ട പഥ്യമാം,
പപ്പടം മണത്താലും കൊതിക്കൊലാ.
ഇല്ലെനിക്ക് മരുന്നിതിന്നൊന്നുമേ-
യുള്ളതൊക്കെയും സര്‍ജറി മാത്രമേ’
പണ്ടുകാലിലെ മന്ത് മറ്റേക്കാലില്
മാറ്റിവാങ്ങിച്ചപോലെ കഥയിത്
ചത്തുചാകാത്ത പ്രാരബ്ധമൊക്കെയും
മറ്റൊരുത്തന് ചേര്‍ക്കും ക്രിയയിത്
ആശുപത്രിയവയവം മാറ്റിടും
മാറ്റിടേണ്ടത് മാറ്റുവാനാരുവാന്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: